Posts

കടമക്കുടിയിലെ നാട്ടുവഴികൾ

Image
തൈക്കുടം ബ്രിഡ്ജ്നു താഴെ കണ്ടുമുട്ടുമ്പോൾ ഫോർട്ട് കൊച്ചിയിൽ നിന്നും ഇത്രയും ദൂരം സൈക്കിൾ ചവിട്ടിയതിന്റെ വലിയ ക്ഷീണമൊന്നും നിതീഷിന്റെ മുഖത്തു കാണുന്നില്ല എന്നത് തെല്ലൊരാശ്വാസം നൽകി. പെട്ടെന്നൊരു സുപ്രഭാതത്തിൽ നാല്പതു കിലോ മീറ്ററോളം സൈക്കിൾ ചവിട്ടി തിരിച്ചെത്താൻ ആകുമോ എന്നൊരു സംശയം മനസിലെവിടെയോ ഉണ്ടായിരുന്നു. എറണാകുളം ബൈപാസിലൂടെ ഇടപ്പള്ളി കവല കടന്നു പനവേൽ ദേശീയ പാതയിലൂടെ പിന്നെ കണ്ടെയ്നർ റോഡിലൂടെ ചീനവലകൾ അതിരിടുന്ന മൂലമ്പള്ളിയിലെ കായൽ കടവിലേക്കെത്താൻ ഒരു മണിക്കൂറിലധികമെടുത്തു. നാലുപാടും കായലിനാൽ ചുറ്റപ്പെട്ട കടമകുടിയിലെ ചില ദ്വീപുകളിലേക്ക് ചെന്നെത്താൻ പാലങ്ങളില്ല. ദ്വീപിലെ വഴികളെ നഗരത്തിന്റെ പാതകളുമായി ബന്ധിക്കുന്നത് വലിയ വള്ളങ്ങൾ ചേർത്തുണ്ടാക്കിയ ജങ്കാറുകളാണ്. കടത്തു കടന്ന് പിഴാലയിലെ പൊക്കാളി ഫാമിലൂടെയുള്ള വഴിയിലൂടെ വേണം ചെറിയ കടമക്കുടിയിലെത്താൻ. നെൽകൃഷിയും മത്സ്യകൃഷിയും മാറി മാറി ചെയ്യുന്ന പൊക്കാളി പാടങ്ങളിൽ കന്നി കൊയ്തിനു പാകമായ വലിയ കതിരുകളുമേന്തി നിൽക്കുന്ന നെൽചെടികളും പച്ചപ്പിന്റെ പരപ്പിനതിരിടുന്ന തെങ്ങിൻ നിരകളും കടന്നു തോടിനു കുറുകെയുള്ള നടപ്പാലം കടന്നാൽ ചെറിയ കടമ

മജുലി

Image
" അവസാന വെള്ളപ്പൊക്കത്തിൽ അപ്രത്യക്ഷമായ പാതയുടെ കൃശഃസ്മൃതിയിലൂടെ കയറിയും ഇറങ്ങിയും ബസ് നീങ്ങിക്കൊണ്ടിരുന്നു. പുരയിടങ്ങളുടെ മദിപ്പിക്കുന്ന പച്ച വഴിയിൽ സാവധാനം പിന്തള്ളപ്പെട്ടു. നദിയോടടുക്കും തോറും പ്രകൃതി നിർജനവും വിശാലവുമായ ചളിപ്പരപ്പായി മാറി ", വർഷങ്ങൾക്കു മുൻപ് നിമാത്തിഘട്ടിലേക്കുള്ള  ബസ് യാത്രയെ രവീന്ദ്രൻ ഇങ്ങനെ കുറിച്ചിടുന്നു.    ജോർഹട് പട്ടണപ്രാന്തത്തിലെ വഴികൾ ഇപ്പോൾ ചെറിയ വാനുകൾ കൈയ്യടക്കിയിരിക്കുന്നു. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഗസ്റ്റ് ഹൌസിൽ നിന്നും മഞ്ഞല മായുന്നതിനു മുൻപേയിറങ്ങി ഘട്ടിലേക്കുള്ള വാനുകളിലൊന്നിൽ ഇടം പിടിച്ചു. വയലുകളും ചെറിയ ഗ്രാമങ്ങളും താണ്ടി നദിയ്ക്കു സമാന്തരമായി കുറച്ചോടി വണ്ടി നിമാത്തി ഘട്ടിൽ നിന്നു. മണൽ പരപ്പിൽ താത്കാലിക പന്തലുകളിൽ ചെറിയ പീടികകൾ , പിന്നെ നിദിയിൽ നങ്കൂരമിട്ട നിർത്തിയിരിക്കുന്ന ബോട്ട് സ്റ്റേഷൻ അതിനപ്പുറത്തു നിളയോളം വീതിയിൽ ബ്രഹ്മപുത്രയുടെ നിറവ്. അക്കരയിൽ കുത്തനെ ഉയർന്നു നിൽക്കുന്ന മണൽത്തിട്ട മാത്രം കാണാം. മഞ്ഞുകാലത്തിന്റെ ആലസ്യത്തിൽ ശാന്തമായൊഴുകുന്ന നദി ആദ്യനോട്ടത്തിൽ  അത്ഭുതപ്പെടുത്തില്ല. കലിയിളകി മറുകര കാണിക്കാതൊഴുകുന്

ഐസ്വാള്‍

Image
     സിൽച്ചർ റെയിൽവേ സ്റ്റേഷനുമുന്പിൽ ബസ്സിറങ്ങുമ്പോൾ നേരംപുലരാൻ മണിക്കൂറുകൾ ബാക്കിയുണ്ടായിരുന്നു, ചിന്നിപെയ്‌യുന്ന മഴയും. പുസ്തകത്തിൽനിന്നും തെറിച്ചുയരുന്ന മുഷ്ടിചുരുട്ടിയ പതിനൊന്നു കൈകൾ കത്തിപ്പടരുന്ന തീനാളംപോലെ തോന്നിക്കുന്ന വലിയൊരു ശില്പമുണ്ട് സ്റ്റേഷനു പുറത്ത്. ബരാക്ക് താഴ്‌വരയിൽ അസാമീസ് ഭാഷ നിർബന്ധമാക്കിയതിനെതിരെ നടന്ന ബംഗാളി മാതൃഭാഷാ സംരക്ഷണസമരത്തിൽ രക്തസാക്ഷികളായവരുടെ സ്മാരകസ്തൂപം. സാംസ്കാരിക വൈവിധ്യങ്ങളെയില്ലാതാക്കി സാമ്രാജ്യങ്ങൾ പടുത്തുയർത്താൻ പണ്ടുമുതലേ സ്വീകരിച്ചുവരുന്ന രീതിയാണല്ലോ അന്യഭാഷകൾ അടിച്ചേൽപ്പിക്കുന്നത്. ദേശീയ ഭാഷയെന്ന മിഥ്യാപദവി വഴി നടപ്പാക്കുന്ന സാംസ്കാരികാധിനിവേശങ്ങളുടെ കെട്ടകാലത്ത് കൂടുതൽ ജാഗരൂകരാവാൻ നമ്മെ ഓർമ്മിപ്പിക്കുന്നൂ ആ ഉയരുന്ന കൈകൾ . “ചോരതുടിക്കും ചെറുകയ്യുകളേ, പേറുക വന്നീ പന്തങ്ങൾ...”    അഗർത്തലയിലേയ്‌ക്കുള്ള പാസഞ്ചെർ വണ്ടിയ്‌ക്കു ടിക്കെറ്റെടുക്കാൻ രാവിലെ കൗണ്ടെർ തുറക്കുന്നതുവരെ കാത്തിരിക്കണം. വരാന്തയിലെ കസേരകളിലിരുന്നുറങ്ങി നേരം വെളുത്തപ്പോളാണു മിസൊറാമിലേക്കുള്ള inner line permit നെപ്പറ്റി ആലോചിച്ചത്. മിസോറാം സ്വദേശികൾ അല്ലാത്തവർക്ക് സംസ്

കൊഹിമയിലെ ടെന്നിസ് കോർട്ട്

Image
“കൊഹിമയിലെ ടെന്നീസ് കോർട്ടിൽ അവിടെ വീണ ഓരോ മനുഷ്യനുംവേണ്ടി ഒരു ശ്മാശാനശില സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ആ ശിലകളിന്മേൽ അവർ ഓരോരുത്തരുടെ നാഴികകൾ കുറിക്കുന്ന പിത്തള പ്ലേറ്റുകളും. കാടുകൾ വെട്ടി നഗ്നമാക്കിയ കുന്നുകളിന്മേൽ വെള്ളക്കാരും അവർക്കു പുറകെ വന്ന  നാടൻ സാഹിബുമാരും പണിത ബംഗ്ലാവുകൾ എഴുന്നുനിന്നു. കുന്നുകളിൽചുറ്റി ഇഴയുന്ന റോഡുകളിൽകൂടി പട്ടാളവണ്ടികൾ ഇടവിടാതെ നീങ്ങിക്കൊണ്ടിരുന്നു. ടെന്നിസ് കോർട്ടിലെ പുൽത്തകിടികൾക്കിടയിലെ തടങ്ങളിൽ തഴച്ചു വളരുന്ന ശിശര പുഷ്പങ്ങൾ കാറ്റിൽ വിറച്ചു.”... --- അഭയാർത്ഥികൾ (ആനന്ദ്) വാർ സെമിത്തേരി വാർ സെമിത്തേരി   രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനകാലത്ത് അർത്തിരന്പി വന്ന ജപ്പാൻ സൈന്യത്തിനു തോറ്റു പിൻവാങ്ങേണ്ടി വന്നത് കൊഹിമയിൽ വച്ചാണ്. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ടെന്നിസ് മൈതാനത്തു വച്ചു നടന്ന ആ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കോമ്മൺവെൽത്ത് രാഷ്ട്രങ്ങളിലെ സൈനികരുടെ സമാധി സ്ഥലം കൊഹിമയുടെ ഹൃദയഭാഗത്തായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ചെറിയ തണുപ്പുള്ള പ്രഭാതം, വിജനമായ സെമിത്തേരിയിൽ പുൽതകിടികളിലെ പിത്തള തകിടുകളിലൂടെ കണ്ണോടിച്ചു നടന്നു. വിവിധ പ

മണിപ്പൂരിന്റെ മടിത്തട്ടിൽ

Image
നാലുപാടും മലനിരകളാൽ ചുറ്റപ്പെട്ട് നീർത്തടങ്ങളാൽ സമ്പുഷ്ടമായ മണിപ്പൂർ താഴ്‌വാരയാണ് ലക്‌ഷ്യം . നാഗാലാൻഡിലെ ദിമാപൂർ വഴി കുഴികൾ നിറഞ്ഞ ഇൻഡോ ബർമ റോഡിലൂടെ മാത്രമേ താഴ്‌വാരത്തിലേക്കു എളുപ്പമെത്തിച്ചേരാനാവൂ . തെക്കൻ ആസ്സാമിൽ നിന്നും ബരാക്ക് ചുരം വഴി ദേശീയപാതയുണ്ടെങ്കിലും അതൊട്ടും സഞ്ചാരയോഗ്യമല്ല. അസം അതിർത്തിയിൽ വന്നു നിൽക്കുന്ന തീവണ്ടിപ്പാതയെ പടിഞ്ഞാറൻ മലകൾ തുരന്ന് ഇംഫാലിൽ എത്തിക്കാനുള്ള പദ്ധതി പ്രാരംഭദശയിലുമാണ്. വഴിയിൽ ഇടയ്ക്കിടക്ക് പ്രത്യക്ഷപ്പെടുന്ന പട്ടാള ചെക്ക്പോസ്റ്റുകൾ, കൈക്കൂലിക്കായി കാത്തിരിക്കുന്ന ഉദ്യോഗസ്ഥരുമെല്ലാം യാത്രയെ കൂടുതൽ ദീർഘിപ്പിക്കും. ഈ അസൗകര്യങ്ങളും പൊതു ഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തതയും തെറ്റിദ്ധരിക്കപ്പെട്ട രാഷ്ട്രീയാന്തരീക്ഷവുമാവാം സഞ്ചാരികളെ  ഇവിടെനിന്നകറ്റി നിർത്തുന്നത്. ഇൻഡോ-ബർമ റോഡ്  പുലർവേളയിൽ കോടമഞ്ഞു മൂടിയ മലനിരകൾ കടന്നു  ഇംഫാലിൽ  പ്രവേശിക്കുമ്പോൾ മഴ പെയ്തുതോർന്നിരുന്നു.  അധികം തിരക്കില്ലാത്ത ചെറുനഗരത്തിൽ ഒട്ടേറെ പട്ടാള വാഹനങ്ങളും കവലകളിൽ വ്യന്യസിക്കപ്പെട്ട സൈനികരും. ഈ സൈനിക വിന്യാസത്തെ പറ്റിയാണല്ലോ മണിപ്പുരിനെ നാം അടയാളപ്പെടുത്തുന്നത്. ചരിത്ര

അവസാനത്തെ ഗ്രാമത്തിലേക്ക് …..

Image
              " ഇവിടെ വഴി അവസാനിക്കുകയാണ് , കാഴ്ച്ചയില്‍ ബസ്പ നദിയുടെ നേര്‍ത്ത ഒഴുക്കിന്റെ തീരങ്ങളില്‍ ഉറഞ്ഞു പോയ മഞ്ഞും കുറച്ചകലെയായി മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന പര്‍വ്വത ശിഖരങ്ങളും മാത്രം . വഴിയരികിലെ പരസ്യ ഫലകത്തില്‍ കാണുന്ന പോലെ ചിത്കുള്‍ ഇന്ത്യയിലെ അവസാനത്തെ ഗ്രാമമാണ്‌ , ടിബെറ്റിലേക്ക് നീണ്ടിരുന്ന പ്രാചീന ചരക്കു പാതയിലെ അവസാനത്തെ ജനപദം . "             ദില്ലിയിലെ ആദ്യനാളുകളിലൊന്നില്‍ കിന്നൌര്‍ മനസ്സിലിടം പിടിച്ചതാണ്,പോയെ തീരൂ എന്ന ഗണത്തില്‍. പല തവണ ഒരുങ്ങി , ഒരിക്കല്‍ പാതി വഴിയില്‍ വച്ച് പെരുമഴ നനഞ്ഞു തിരിക്കേണ്ടി വന്നിട്ടും കിന്നൌര്‍ മനസ്സില്‍ നിന്നും പോയതേയില്ല. “എല്ലാത്തിനും അതിന്റെതായ സമയ”മുണ്ടല്ലോ, അവധിയും ആള്‍ക്കാരും ഒത്തു വന്ന ഒരു വാരാന്ത്യത്തിലെ സന്ധ്യക്ക് ഷിംലയിലേക്ക് വണ്ടി കയറി , എവിടെ എപ്പോള്‍ എങ്ങനെ എന്നൊന്നും തീര്‍ച്ചയില്ലാത്ത ലക്‌ഷ്യം മാത്രം ഉറപ്പിച്ചു കൊണ്ടുള്ള ഒരു യാത്രയ്ക്ക് .                  ബ്രിട്ടീഷ്‌ ഇന്ത്യയുടെ വേനല്‍ക്കാല തലസ്‌ഥാനം ശൈത്യരാവിന്‍റെ ആലസ്യത്തില്‍ മയങ്ങി കിടക്കുന്ന പ്രഭാതത്തില്‍ ചായയുടെ ചൂടേറ്റു വാങ്ങി ബസ്സ്‌ കാത്തു ന

ലാന്‍സ്ഡൌണ്‍.....

Image
 ലാന്‍സ്ഡൌണ്‍  ‍, മനസ്സ്   തണുപ്പിക്കുന്ന   കാഴ്ചകളും   കുളിരും   സൂക്ഷിക്കുന്ന   സിവാലിക്   ഹില് ‍  സ്റ്റേഷന് ‍.              ഇന്ദ്രപ്രസ്ഥത്തിന്റെ  ഊഷര പ്രകൃതിയില്‍ എന്നെ അല്പകാലമെങ്കിലും പിടിച്ചു നിര്‍ത്താന്‍ കാലം കാത്തുവച്ചതാകും യാത്രയെ ഇഷ്ടപ്പെടുന്ന ഈ സുഹൃത്തുക്കള്‍. വിരസമായി ആവര്‍ത്തിക്കുന്ന ഔദ്യോഗിക ദിനങ്ങള്‍ക്ക് ഇടയ്ക്ക് വീണു കിട്ടുന്ന ചെറിയ ഇടവേളകളില്‍ ഒരേ മനസോടെ എല്ലാവരും ഒരു യാത്രയ്ക്ക് തയ്യാറെടുക്കുന്നു, മനസ്സിനു നവോന്മേഷം പകരുന്ന പ്രകൃതിയുടെ ലാസ്യ സൗന്ദര്യം ഒളിപ്പിച്ചുവച്ച  ലക്ഷ്യത്തിലേക്ക് .                 ലാന്‍സ്ഡൌണ്‍ എന്ന കൊച്ചു പട്ടണത്തെ ലക്ഷ്യമാക്കി നവംബറിലെ തണുപ്പുള്ള ഒരു നട്ടുച്ചയ്ക്ക്   ഞങ്ങള്‍ പുറപ്പെട്ടു. ഉത്തരേന്ത്യ അതിന്റെ തീക്ഷ്ണമായ ശൈത്യകാലത്തിലേക്ക് കടന്നിട്ടില്ലാത്തതിനാലും ഭസ്മീകരിക്കുന്ന വേനല്‍ കടന്നുപോയതിനാലും സുഖ ശീതളമായ ശരത്കാല അന്തരീക്ഷത്തില്‍ ഒരു ബൈക്ക് ട്രിപ്പ്‌ .  ഉത്തരാ‍ഖണ്ഡ്‍ സംസ്ഥാനത്തിലെ പൌരി -ഗര്‍ഹ്വള്‍  ജില്ലയിലെ ഈ കോന്റൊന്‍മെന്റ് പട്ടണത്തിന് ആ പേര് കിട്ടുന്നത്  ഗര്‍ഹ്വാല്‍ മല നിരകളില്‍ ഈ പട്ടണം സ്ഥാപിച്ച ഇന്ത്യന്‍ വൈസ്രോ