മണിപ്പൂരിന്റെ മടിത്തട്ടിൽ


നാലുപാടും മലനിരകളാൽ ചുറ്റപ്പെട്ട് നീർത്തടങ്ങളാൽ സമ്പുഷ്ടമായ മണിപ്പൂർ താഴ്‌വാരയാണ് ലക്‌ഷ്യം. നാഗാലാൻഡിലെ ദിമാപൂർ വഴി കുഴികൾ നിറഞ്ഞ ഇൻഡോ ബർമ റോഡിലൂടെ മാത്രമേ താഴ്‌വാരത്തിലേക്കു എളുപ്പമെത്തിച്ചേരാനാവൂ . തെക്കൻ ആസ്സാമിൽ നിന്നും ബരാക്ക് ചുരം വഴി ദേശീയപാതയുണ്ടെങ്കിലും അതൊട്ടും സഞ്ചാരയോഗ്യമല്ല. അസം അതിർത്തിയിൽ വന്നു നിൽക്കുന്ന തീവണ്ടിപ്പാതയെ പടിഞ്ഞാറൻ മലകൾ തുരന്ന് ഇംഫാലിൽ എത്തിക്കാനുള്ള പദ്ധതി പ്രാരംഭദശയിലുമാണ്. വഴിയിൽ ഇടയ്ക്കിടക്ക് പ്രത്യക്ഷപ്പെടുന്ന പട്ടാള ചെക്ക്പോസ്റ്റുകൾ, കൈക്കൂലിക്കായി കാത്തിരിക്കുന്ന ഉദ്യോഗസ്ഥരുമെല്ലാം യാത്രയെ കൂടുതൽ ദീർഘിപ്പിക്കും. ഈ അസൗകര്യങ്ങളും പൊതു ഗതാഗത സംവിധാനങ്ങളുടെ അപര്യാപ്തതയും തെറ്റിദ്ധരിക്കപ്പെട്ട രാഷ്ട്രീയാന്തരീക്ഷവുമാവാം സഞ്ചാരികളെ  ഇവിടെനിന്നകറ്റി നിർത്തുന്നത്.

20170330_122000.jpg
ഇൻഡോ-ബർമ റോഡ് 
പുലർവേളയിൽ കോടമഞ്ഞു മൂടിയ മലനിരകൾ കടന്നു  ഇംഫാലിൽ  പ്രവേശിക്കുമ്പോൾ മഴ പെയ്തുതോർന്നിരുന്നു.  അധികം തിരക്കില്ലാത്ത ചെറുനഗരത്തിൽ ഒട്ടേറെ പട്ടാള വാഹനങ്ങളും കവലകളിൽ വ്യന്യസിക്കപ്പെട്ട സൈനികരും. ഈ സൈനിക വിന്യാസത്തെ പറ്റിയാണല്ലോ മണിപ്പുരിനെ നാം അടയാളപ്പെടുത്തുന്നത്. ചരിത്രമുറങ്ങുന്ന കാങ്‌ല കോട്ടയാണ് ഇംഫാലിലിൽ എത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണം. നൂറ്റാണ്ടുകളായി രാജാക്കന്മാരും ബ്രിട്ടീഷുകാരും പിന്നെ 2004 വരെ ആസ്സാം റൈഫിൾസും കിടങ്ങിനാൽ ചുറ്റപ്പെട്ട ഈ കോട്ടയിലിരുന്ന് താഴ്‌വരയെ നിയന്ത്രിച്ചു. ഇപ്പോൾ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള  ഈ സംരക്ഷിത സ്മാരകം മണിപ്പൂരിന്റെ വിശ്വാസങ്ങളിൽ പരിപാവനമായ ആരാധനാകേന്ദ്രംകൂടിയാണ് . വിശ്വാസങ്ങളുടെ, ആചാരങ്ങളുടെ, സംസ്കാരത്തിന്റെ, അധികാരത്തിന്റെയെല്ലാം മാറ്റങ്ങൾക്ക് സാക്ഷിയായി ചരിത്രത്തിന്റെ തിരുശേഷിപ്പുകളുംപേറി കാങ്‌ല നിലകൊള്ളുന്നു.  

17434680_1368353579893793_3891177560412146423_o.jpg
കെയ്‌ബുൾ ലാംജാവോ ദേശീയോദ്യാനം 


 
കെയ്‌ബുൾ ലാംജാവോ ദേശീയോദ്യാനത്തിലെ ആൾത്തിരക്കില്ലാത്ത നിരീക്ഷണഗോപുരത്തിൽ വച്ചാണ് ബക്കറിനെ പരിചയപ്പെടുന്നത് . വംശനാശഭീഷണി നേരിടുന്ന സാൻഗായ് മാനുകളുടെ ഏക സ്വാഭാവിക വാസസ്ഥലം ദേശാടനപക്ഷികളുടെ ഇടത്താവളം കൂടിയാണെന്നറിഞ്ഞത് പക്ഷി നിരീക്ഷണത്തിനായെത്തിയ അന്നാട്ടുകാരനായ ആ വിദ്യാർത്ഥിയിൽ നിന്നാണ് . പുൽമൂടിയ ചതുപ്പുനിലങ്ങളും തൊട്ടു കിടക്കുന്ന ലോക്-തക് തടാകവും ഹിമാലയം കടന്നെത്തുന്ന അതിഥികൾക്ക് ആതിഥ്യമേകുന്നു . വടക്കുകിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകമായ ലോക്-തക് ഫ്യൂമിഡ്‌സ്  എന്ന് വിളിക്കുന്ന പൊങ്ങിക്കിടക്കുന്ന പ്രകൃതിദത്ത തുരുത്തുകൾക്ക് പ്രശസ്തമാണ് . ചന്ത കഴിഞ്ഞു വരുന്ന വീട്ടമ്മമാരെകൊണ്ട് നിറഞ്ഞ വാനിനു മുകളിലിരുന്ന് തടാകത്തിനു നടുവിലേക്ക് നീണ്ടു കിടക്കുന്ന 'തങ്ങാ' തുരുത്തിലേക്കുള്ള യാത്രയിൽ, മീൻ പിടിക്കാനായി ഉണ്ടാക്കിയെടുത്ത വർത്തുള നിർമിതികൾ (അതമ്പംസ്) തടാകത്തിലെമ്പാടും കാണാനായി. തടാകത്തിന്റെ ഉപരിതലം മുഴുവൻ  വ്യാപിക്കുന്ന ഇത്തരം നിർമിതികളും കൈയേറ്റങ്ങളും തടാകത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തുക മാത്രമല്ല , മണിപ്പുർ താഴ്‌വാരം ജലസേചനത്തിനും വൈദ്യുതിക്കും എല്ലാം ആശ്രയിക്കുന്ന തടാകത്തിന്റെ നിലനിൽപിനുതന്നെ ഭീഷണിയാകുന്നു. ലോക്-തകിന്റെ നാശം മണിപ്പൂരിന്റെ പരിസ്ഥിതിക്കും സാമ്പത്തികസ്ഥിതിക്കും നൽകിയേക്കാവുന്ന ആഘാതം അളവറ്റതായിരിക്കും.  ഫ്യുമിഡ്‌സും സാൻഗായ് മാനുകളും നൽകുന്ന അസാധാരണത്വത്തിനപ്പുറം തടാകവും പുൽമേടും നൽകുന്ന പതിവ് കാഴ്ചകളിൽ കൂടുതലൊന്നും ലോക്-തകിൽ ഒരു വിനോദ സഞ്ചാരിയെ കാത്തിരിക്കുന്നില്ല.

20170321_142118.jpg
കെയ്‌ബുൾ ലാംജാവോ ദേശീയോദ്യാനം 

ഇംഫാലിലേക്കുള്ള തിരികെ യാത്രയിൽ ഞങ്ങളെയും ഒപ്പംകൂട്ടി ഡ്രൈവ് ചെയ്യുമ്പോൾ മണിപ്പൂരിനെ പറ്റി ബക്കർ ഒരുപാട് വിശേഷങ്ങൾ പങ്കുവെച്ചു. സംസ്കാരവും  സംഗീതവും കൃഷിയും രാഷ്ട്രീയവും എല്ലാം വിഷയമായി വന്നു. മണിപ്പൂർ നിയമസഭയിലേക്ക്  ദേശീയ ജനാധിപത്യസഖ്യം ഭൂരിപക്ഷം നേടിയ തിരഞ്ഞെടുപ്പ് ഫലം വന്നു ഏതാനും ദിവസങ്ങളെ ആയിരുന്നുള്ളു. തൊണ്ണൂറ്റി ഒന്ന് വോട്ടിൻറെ കണക്ക് നാം ചർച്ച ചെയ്യുന്ന ,  ഇറോം ശർമിള  കേരളത്തിൽ അതിഥിയായുണ്ടായിരുന്ന ദിവസങ്ങളിലൊന്ന് . പൊരുത്തപ്പെടാത്ത ആ കണക്കിന്റെ കാരണം ആശ്രിത വത്സലനായ മുൻമുഖ്യമന്ത്രിയ്ക്കെതിരെ   മത്സരിക്കാനുള്ള ഇറോമിന്റെ തീരുമാനമാണത്രെ. അധികാരത്തിലിരുന്ന സമയത്ത്‌  സ്വന്തം മണ്ഡലത്തിലെ കുടുംബങ്ങളിലെ ഒരാളെയെങ്കിലും സർക്കാർ ജോലിയിൽ നിയമിച്ച ആ നേതാവിനെയവർ ഇറോമിനെക്കാൾ സ്നേഹിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിലുള്ള മെല്ലെപ്പോക്കും സ്വജനപക്ഷപാതവും അഴിമതിയുമെല്ലാം പുതിയ രാഷ്ട്രീയമാറ്റങ്ങൾക്ക് കാരണമായി. ജനാതിപത്യം തിരഞ്ഞെടുക്കാനുള്ള ചില ചോയ്‌സുകളെ നമുക്ക് നൽകുന്നുള്ളൂ, അതെപ്പോഴും ശ്രേഷ്ഠമാകണമെന്നില്ലല്ലോ.

ഇടത്തും വലത്തും തട്ടുകളായി ഉയർന്നു പോകുന്ന നെൽപാടങ്ങളുടെ നടുവിലൂടെയുള്ള  ചെറിയ പാതയിൽ  സ്കൂൾ സമയം അവസാനിച്ചതിന്റെ തിരക്ക് . മണിപ്പൂരിന്റെ തനതു വേഷമായ  ഫനേക്ക് ധരിച്ചു നീങ്ങുന്ന ഹൈസ്കൂൾ വിദ്യാർത്ഥിനികൾ , നാളത്തെ മേരി കോമും ഇറോമുമൊക്കെ ഉണ്ടാവുമതിൽ. സ്ത്രീകൾ മാത്രം നടത്തിപ്പുകാരായുള്ള ഇംഫാലിലെ ഇമ കെയ്‌ത്തെൽ  ചന്ത വനിതകൾക്ക് തുല്യ പ്രാധാന്യം നൽകുന്ന മണിപ്പൂരിന്റെ സാമൂഹികവ്യവസ്ഥയുടെ പ്രതിരൂപമാണ്. മാത്രമല്ല വ്യക്തി സ്വാതന്ത്ര്യത്തിനു കൂടുതൽ വില കല്പിക്കുന്ന ഒരു സാമൂഹികവ്യവസ്ഥകൂടിയാണത്.


DSC_0450.jpg
ലോക്-തക് തടാകം 

നാടൻ ശീലുകളും പോപ്പ് സംഗീതരീതികളും ഇഴചേരുന്ന മണിപ്പൂരി പാട്ടുകളുടെ  പശ്ചാത്തലത്തിൽ സംസാരം തുടർന്നുകൊണ്ടിരിക്കെയാണ്  “അഫ്‌സ്പ” യെ പറ്റി ആ യുവാവിനോട് ചോദിച്ചത്. വായിച്ചതും കേട്ടതുമൊക്കെ എത്രത്തോളും സത്യമാണെന്ന് പറയാൻ അതനുഭവിച്ചവരോളം വരില്ലലോ ആരും. ഇന്ത്യൻ യൂണിയനിൽ മണിപ്പൂരിനെ ലയിപ്പിക്കാൻ നടത്തപ്പെട്ട വിവാദ നടപടിയെപറ്റിപ്പറഞ്ഞാണ് അവൻ ആ വിഷയത്തിലേക്ക് വന്നത്. രാത്രി പുറത്തിറങ്ങുമ്പോൾ ഉണ്ടായിട്ടുള്ള ചോദ്യം ചെയ്യലുകളെക്കുറിച്ചു അവൻ പറഞ്ഞവസാനിച്ചപ്പോൾ  ഞാൻ ഓർത്തത് പണ്ട് അവർക്കു നൽകിയ ഉറപ്പുകളെക്കുറിച്ചാണ്. ഉപാധികളോടുകൂടിയുള്ള ഉറപ്പുകളൊന്നും ഏറെ ദൂരം പോകുകയില്ലെന്ന് അന്നത്തെ പ്രധാനമന്ത്രി തന്നെ പറഞ്ഞിരുന്നുവല്ലോ അല്ലെ. അത്രത്തോളം മനുഷ്യത്വ രഹിതമായ ആ നിയമം ഇന്നും അവിടെ പ്രയോഗത്തിലിരിക്കുന്നു, റെയ്ഡുകൾ , മുഷിപ്പിക്കുന്ന ചോദ്യം ചെയ്യലുകൾ എല്ലാം അവരിപ്പോഴും അനുഭവിക്കുന്നു. സ്വതന്ത്രമായി നില്ക്കാൻ ആഗ്രഹിച്ച ഒരു ദേശത്തിനെ നിർബന്ധിച്ചു കൂടെ കൂടിയിട്ടും  നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം പോലും അവർക്കു നല്കാൻ നമുക്ക് കഴിയാത്തതെന്തുകൊണ്ടാണ് ?


Comments

Popular posts from this blog

കൊഹിമയിലെ ടെന്നിസ് കോർട്ട്

ഐസ്വാള്‍

അവസാനത്തെ ഗ്രാമത്തിലേക്ക് …..