അവസാനത്തെ ഗ്രാമത്തിലേക്ക് …..

              " ഇവിടെ വഴി അവസാനിക്കുകയാണ് , കാഴ്ച്ചയില്‍ ബസ്പ നദിയുടെ നേര്‍ത്ത ഒഴുക്കിന്റെ തീരങ്ങളില്‍ ഉറഞ്ഞു പോയ മഞ്ഞും കുറച്ചകലെയായി മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന പര്‍വ്വത ശിഖരങ്ങളും മാത്രം . വഴിയരികിലെ പരസ്യ ഫലകത്തില്‍ കാണുന്ന പോലെ ചിത്കുള്‍ ഇന്ത്യയിലെ അവസാനത്തെ ഗ്രാമമാണ്‌ , ടിബെറ്റിലേക്ക് നീണ്ടിരുന്ന പ്രാചീന ചരക്കു പാതയിലെ അവസാനത്തെ ജനപദം . "




           ദില്ലിയിലെ ആദ്യനാളുകളിലൊന്നില്‍ കിന്നൌര്‍ മനസ്സിലിടം പിടിച്ചതാണ്,പോയെ തീരൂ എന്ന ഗണത്തില്‍. പല തവണ ഒരുങ്ങി , ഒരിക്കല്‍ പാതി വഴിയില്‍ വച്ച് പെരുമഴ നനഞ്ഞു തിരിക്കേണ്ടി വന്നിട്ടും കിന്നൌര്‍ മനസ്സില്‍ നിന്നും പോയതേയില്ല. “എല്ലാത്തിനും അതിന്റെതായ സമയ”മുണ്ടല്ലോ, അവധിയും ആള്‍ക്കാരും ഒത്തു വന്ന ഒരു വാരാന്ത്യത്തിലെ സന്ധ്യക്ക് ഷിംലയിലേക്ക് വണ്ടി കയറി , എവിടെ എപ്പോള്‍ എങ്ങനെ എന്നൊന്നും തീര്‍ച്ചയില്ലാത്ത ലക്‌ഷ്യം മാത്രം ഉറപ്പിച്ചു കൊണ്ടുള്ള ഒരു യാത്രയ്ക്ക് .

aaa (22).JPG

                ബ്രിട്ടീഷ്‌ ഇന്ത്യയുടെ വേനല്‍ക്കാല തലസ്‌ഥാനം ശൈത്യരാവിന്‍റെ ആലസ്യത്തില്‍ മയങ്ങി കിടക്കുന്ന പ്രഭാതത്തില്‍ ചായയുടെ ചൂടേറ്റു വാങ്ങി ബസ്സ്‌ കാത്തു നിന്നു , “സമയം ഇതാണ് , വരുമായിരിക്കും” എന്ന് ചായക്കടക്കാരന്‍ പറഞ്ഞ ബസ്സും കാത്തുകൊണ്ട് . അല്പം വൈകിയെങ്കിലും ആളൊഴിഞ്ഞു വന്നെത്തിയ ബസ്സില്‍ കയറിയിരുന്നു . പത്തു മണിക്കൂറോളം യാത്രയുണ്ട് ലക്ഷ്യത്തിലേക്ക്. ഒരു പകല്‍ മുഴുവന്‍ ഹിമാചലിന്റെ ഗ്രാമീണ വഴികളിലൂടെയുള്ള യാത്ര. ഹിന്ദുസ്ഥാന്‍ - ടിബറ്റ്‌ റോഡ്‌ എന്നറിയപ്പെടുന്ന ഈ പാത ഹരിയാനയിലെ അംബാലയില്‍ നിന്നും തുടങ്ങി ഇന്ത്യ-ചൈന അതിര്‍ത്തിവരെ നീളുന്നു. തിയോഗ്, ഫിഗു, രാംപൂര്‍ തുടങ്ങി പ്രശസ്തമായ സുഖവാസ കേന്ദ്രങ്ങളില്‍ പലതും ഈ വഴിയിലാണ് . സ്തൂപികാഗ്ര വൃക്ഷങ്ങള്‍ തണലിടുന്ന പാതയിലൂടെ വളഞ്ഞും തിരിഞ്ഞും കയറിയും ഇറങ്ങിയും ഉള്ള യാത്രയ്ക്കിടയില്‍ പലയിടത്തും ഇനിയും ഉരുകി തീര്‍ന്നിട്ടില്ലാത്ത മഞ്ഞു പാളികള്‍ കാണാമായിരുന്നു. ഇളം വെയിലും തണുത്തകാറ്റുമുള്ള സുഖ ശീതളമായ അന്തരീക്ഷവും സിവാലിക് മലനിരകളുടെ വര്‍ണകാഴ്ചകളും യാത്രാ ദൈര്‍ഘ്യത്തിന്റെ മടുപ്പിനെയകറ്റി നിര്‍ത്തി.

             രാംപുര്‍ കഴിയുന്നതോടെ പ്രകൃതിയുടെ മട്ടും ഭാവവും മാറുകയായി. പച്ചപ്പിന്റെ ചാരുതയെ പതിയെ ധൂസര വര്‍ണം കൈയ്യടക്കുന്നു. ലോകത്തിലെ അപകടകരമായ പാതകളില്‍ ഒന്നാണ് ഷിംലയെ കിന്നൌരുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത 22 ലെ ഇനിയുള്ള ദൂരം. സത് ലജ്‌ നദിയുടെ തീരം ചേര്‍ന്ന് പാറയില്‍ നിന്നും വെട്ടിയെടുത്ത്‌ ഈ ഒറ്റ വരി പാതയിലൂടെ ശ്വാസം അടക്കിപിടിച്ചേ യാത്രാ ചെയ്യാനാവൂ, ഒരു വശത്തെ പാതയോരം അന്പതടിയോളം താഴ്ചയിലെ നദിയുടെ ഒഴുക്കാണ്. ജാലകത്തിലൂടെ എത്തി നോക്കുമ്പോള്‍ പലപ്പോഴും ബസ്‌ വായുവില്‍ ആണെന്ന തോന്നലുണ്ടാക്കുന്നു. കുത്തനെയുള്ള പാറക്കുന്നുകള്‍ക്ക് അരഞ്ഞാണമിട്ടപോലെ നിര്‍മ്മിച്ചെടുത്ത ഈ “അര്‍ദ്ധ തുരങ്കങ്ങൾ ” യാത്ര അവിസ്മരണീയമാക്കുന്നു. 


aaa2.jpg
          

              കര്ച്ചം ജല വൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാതയെ കൂടുതല്‍ ദുഷ്കരമാക്കുന്നു. തുരങ്കനിര്‍മ്മാണവും പാറ പൊട്ടിക്കലും സൃഷ്ടിക്കുന്ന ആഘാതം മലയിടിച്ചിലും മണ്ണൊലിപ്പും ആയി പ്രത്യക്ഷമാകുന്നു. ചിലയിടങ്ങളില്‍ വഴിയെ പുഴയോട് ചേര്‍ത്തിരിക്കുന്നു, ചിലയിടത്ത് നദിയുടെ ഒഴുക്കിനെ മുറിച്ചു വെള്ളകെട്ടുകള്‍ ഉണ്ടാക്കുന്നു. ഇവിടെയെല്ലാം ദേശീയ പാത എന്നാല്‍ താത്കാലത്തേക്ക് ഒപ്പിച്ചെടുത്ത, അടുത്ത മഴ വരെ മാത്രം ആയുസ്സുള്ള പാലങ്ങളും മണ്‍വഴികളുമാണ്. പോകുന്ന വഴി തിരികെയാത്രയില്‍ ഉണ്ടെങ്കില്‍ ഭാഗ്യം എന്നു കരുതാവുന്ന അവസ്ഥ. ഈ പ്രതികൂല സാഹചര്യങ്ങളിലും പാതയെ യാത്രാ യോഗ്യമായി നിലനിര്‍ത്തുന്നതില്‍ അതിര്‍ത്തി പാതകളുടെ നിര്‍മ്മാണ-പരിപാലനത്തിനായുള്ള ഇന്ത്യന്‍ സേന വിഭാഗമായ BRO (Border Roads Organization) നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിസ്തുലമാണ്. 

aaa (11).jpg


             വൈദ്യുത പദ്ധതിയോടനുബന്ധിച്ചുള്ള കാര്യാലയങ്ങളും വാസ കേന്ദ്രങ്ങളും , ഇന്‍ഡോ - ചൈന അതിര്‍ത്തി സംരക്ഷണ സേനയായ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ ചെറിയ സങ്കേതങ്ങള്‍, എപ്പോഴെങ്കിലും വന്നെത്തുന്ന ചെറിയ ഗ്രാമങ്ങള്‍ എന്നിവ മാറ്റി നിര്‍ത്തിയാല്‍ പാത കടന്നു പോകുന്നത് തീര്‍ത്തും വിജനമായ പ്രദേശങ്ങളിലൂടെയാണ്. തീരം വിട്ടു പ്രധാന പാതയില്‍ നിന്നും തെറ്റി കയറ്റം കയറാന്‍ തുടങ്ങുമ്പോള്‍ നാലുപാടും മഞ്ഞണിഞ്ഞു നില്‍ക്കുന്ന മലനിരകള്‍ കാഴ്ച്ചയിലെത്തി തുടങ്ങുന്നു. അസ്തമയ സൂര്യന്‍ ഹിമശൃംഗങ്ങളില്‍ സിന്ദൂരം ചാര്‍ത്തി നില്‍ക്കുന്ന നേരം റികിംഗ്‌ പോ യില്‍ ബസിറങ്ങി.

aaa (1).JPG


              റികിംഗ്‌ പോ , ടിബറ്റന്‍ സ്പര്‍ശമുള്ള പേരോടു കൂടിയ ഈ കൊച്ചു പട്ടണം ഇന്ത്യയിലെ ജനസാന്ദ്രത വളരെ കുറഞ്ഞ ജില്ലകളില്‍ ഒന്നായ കിണ്ണോരിന്റെ ആസ്ഥാനമാണ്‌. ചുവന്നു തുടുത്തു മധുരമേറിയ ആപ്പിളിന്റെ പ്രഭവകേന്ദ്രമാണ് കിന്നൌര്‍. സത്ലജ് നദിക്കരയിലെ ഒരു മലമുകളില്‍ “പിയോ” എന്ന ഓമനപ്പേരോടുകൂടി സ്ഥിതി ചെയ്യുന്ന പട്ടണം വലിപ്പംകൊണ്ടോ സൗകര്യംകൊണ്ടോ നാം കണ്ടു പരിചയിച്ച ജില്ലാ ആസ്ഥാനങ്ങളോട് കിടപിടിക്കില്ലെങ്കിലും നാലുചുറ്റും മഞ്ഞുമൂടി നില്‍ക്കുന്ന മലനിരകളും , താഴെ കലങ്ങി ഒഴുകുന്ന സത് ലജ് നദിയും നല്‍കുന്ന കാഴ്ചയുടെ രസങ്ങളാല്‍ സമ്പന്നമാകുന്നു . 

               തണുപ്പിറങ്ങിയെത്തുന്ന സന്ധ്യാനേരത്തത്തു, ധൃതിയില്ലാതെ ചിരിച്ച മുഖങ്ങളുമായി നീങ്ങുന്ന ചെറിയ തിരക്കിനൊപ്പം അങ്ങാടിയിലൂടെ വെറുതെ നടന്നു. പഹാടി തൊപ്പികൾ , പനിനീർ പൂവർണമാർന്ന കപോലങ്ങൾ, കടും നിറങ്ങൾ, കിന്ന്വരി ഭാഷയുടെ താളം, എല്ലാത്തിനും പശ്ചാത്തലമൊരുക്കി ഹിമതല്പങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന ഇളം കാറ്റും. ആൾക്കൂട്ടത്തിനിടയ്ക്ക് ഇത്രയും സുഖകരമായ മറ്റൊരു നടത്തം ഓർമയിൽ വരുന്നില്ല.


aaa (25).JPG


               റികിംഗ്‌ പോ യില്‍ നിന്നും ആപ്പിള്‍ തോട്ടങ്ങള്‍ക്കിടയിലൂടെ വളഞ്ഞും തിരിഞ്ഞും പോകുന്ന ഇടുങ്ങിയ വഴിയിലൂടെ കല്പയിലേക്ക് ഇരുപതു മിനിറ്റോളം യാത്രയുണ്ട് . കുന്നിന്‍ ചെരിവിലെ വിരലില്‍ എണ്ണാവുന്ന കടകളും ഏതാനും വീടുകകളും , അത്രെയേ ഉള്ളൂ കല്പ . പക്ഷെ കിന്നുര്‍ കൈലാഷ് മലനിരകളിലെ ഹിമപ്പരപ്പിൽ മുഖം നോക്കി നില്‍ക്കുന്ന ഈ കൊച്ചു ഗ്രാമത്തിന്റെ സുന്ദര പ്രകൃതി ഏതു വൈരാഗിയേയും ആകര്‍ഷിക്കുന്നതാണ്. പുരാതനമായ ബുദ്ദിസ്റ് മൊണാസ്ട്രിയും ക്ഷേത്രവും ചുറ്റിക്കണ്ട് വിജനമായ നാട്ടുവഴിയിലൂടെ കയറ്റം തുടങ്ങി. ഇലകൊഴിഞ്ഞു നഗ്നരായ ആപ്പിൾ ചെടികൾ നിരയായി നിൽക്കുന്ന തോട്ടങ്ങൾ , അവയ്ക്കു നടുവിൽ മരവും ഇരുമ്പ് പലകകളും കൊണ്ടു നിർമിച്ച ചെറിയ വീടുകൾ. ഇടവഴിയിലെ വെയിലെത്താത്ത നിഴലിടങ്ങളിൽ ഉറഞ്ഞുപോയ മഞ്ഞുപാളികൾ നടത്തം പതുക്കെയാക്കി. ആപ്പിൾ തോട്ടങ്ങളിലൊന്നിൽ അടുത്ത വിളവെടുപ്പിനായി ചെടികളെ ഒരുക്കുന്ന ഗ്രാമീണരെ കണ്ടുമുട്ടി. ഉണങ്ങിയ ചില്ലകൾ മുറിച്ചു മാറ്റിയും തടമൊരുക്കിയും പുതു നാമ്പുകൾക്കു വിരിയാനുള്ള അരങ്ങൊരുക്കുന്നതിനിടയ്ക്ക് ആപ്പിൾ കൃഷിയെക്കുറിച്ചും പോയ ശൈത്യകാലത്തെ മഞ്ഞു വീഴ്ച്ചയുടെ കുറവിനെ പറ്റിയും അവർ വാചാലരായി. അവർ നൽകിയ ആപ്പിൾ പഴങ്ങൾ കഴിച്ചുകൊണ്ട് നടത്തം തുടർന്നു.



               ചെറിയ കുന്നിൻമുകളിൽ നിന്നും നോക്കിയാൽ എതിർവശത്തെ പർവതാഗ്രത്തെ ഹിമസാന്ദ്രതയിൽ ഉയർന്നു നിൽക്കുന്ന ഒറ്റക്കൽ കാണാം, വിശ്വാസികൾ ശിവലിംഗമായി കരുതി ആരാധിക്കുന്ന ശിലാ വിഗ്രഹം. ഐതീഹ്യ പ്രകാരം, ഭസ്മാസുരനെ പേടിച്ചു ശിവൻ ഒളിച്ചിരുന്ന ഇടമാണത്രെ ഇരുപതിനായിരം അടിയിലേറെ ഉയരമുള്ള ആ ഗിരി ശൃംഗം. ആപ്പിൾ തോട്ടങ്ങൾ പൈൻ മരകാടുകളിൽ ചെന്നവസാനിക്കുന്നിടത്തു നടത്തം മതിയാക്കി. പൊടി മഞ്ഞു നിറഞ്ഞു കിടക്കുന്ന മരത്തണലുകളിലൊന്നിൽ ഇളം കാറ്റേറ്റ്, ആകാശം മുട്ടി നിൽക്കുന്ന കിന്നർ കൈലാഷ് മലനിരകളുടെ പ്രൗഢ സൗന്ദര്യം ആസ്വദിച്ചു വിശ്രമിച്ചു. അതുല്യമായ ചില നിമിഷങ്ങളെ വർണിക്കാൻ നമുക്ക് കഴിയാതെ പോകും, ഏതു വിശേഷണമെടുത്താലും നിലയൊക്കാത്ത സുരഭിലനേരങ്ങൾ. 




                ഉച്ചതിരിഞ്ഞു “പോ”യിൽ നിന്നും സാംഗ്‌ളയിലേക്കുള്ള ബസിൽ ഇടം പിടിച്ചു. സത്ലജിന്റെ പോഷകനദിയായ ബസ്പയുടെ തീരം ചേർന്നുള്ള ഇടുങ്ങിയ പാതയാണ് സാംഗ്‌ള താഴ്‌വരയിലേക്കുള്ള ഏക ഗമനാഗമനമാര്‍ഗ്ഗം. ചെങ്കുത്തായ മലയിടുക്കിൽ നദീതടത്തിൽ നിന്നും നൂറടിയിലേറെ ഉയരത്തിൽ ഒരൊറ്റവരി പാത. പതിയെ നീങ്ങുന്ന വാഹനങ്ങൾ പാറക്കെട്ടുകളിൽ ഓടി നടക്കുന്ന വരയാടുകളെ ഓര്മ്മിപ്പിച്ചു . തണുപ്പേറിവരുന്ന സന്ധ്യാനേരത്തു ഏറെക്കുറെ വിജനമായ സംഗ്ലയിൽ ബസ് യാത്ര അവസാനിച്ചു. അത്താഴം കഴിക്കാനായി ഇറങ്ങിയപ്പോഴേക്കും കടകൾ ഒക്കെ അടച്ചിരുന്നു, “മുട്ടുവിൻ തുറക്കപ്പെടും” എന്നതായി അവസാനത്തെ അത്താണി. പാതി ഉയർത്തിയ ഷട്ടറിനടിയിലൂടെ കടയിൽ കയറി, കാത്തിരിക്കേണ്ടി വന്നു. ചൂടുള്ള സൂപ്പ് കോപ്പയിൽ പകർന്നുകൊണ്ട് കടയുടമായ അമ്മൂമ്മ സംഗ്ലയെക്കുറിച്ചു വാചാലയായി. നിലാവിനാൽ കുന്നിൻ ചെരുവിലെ മഞ്ഞു പരപ്പിൽ തെളിഞ്ഞു കാണുന്ന കമ്രു കോട്ടയെ പറ്റി, സംഗ്ലയിലെ ക്ഷേത്രങ്ങളെ പറ്റി , പിന്നെ പിന്നെ കെട്ടുകഥകളും ഐതീഹ്യങ്ങളും. മലഞ്ചെരുവിലെ ദേവദാരുമരങ്ങളും മഞ്ഞും പിന്നെ ബസ്‌പാ നദിയും കടന്നെത്തുന്ന മരവിപ്പിക്കുന്ന തണുപ്പിൽ മുത്തശ്ശിയുടെ കഥകളോട് വിട പറഞ്ഞു ഉറക്കത്തിലേക്ക് . 


               ബസ്‌പാ നദിയുടെ ഓരം ചേർന്ന് തണുത്ത വെയിലിൽ നടക്കുമ്പോഴാണ് ചെറിയ ചെറിയ തോട്ടങ്ങൾ ശ്രദ്ധയിൽ പെട്ടത്. ആപ്പിൾ, അപ്പ്രികോട്ട് , വാൾനട്ട് തുടങ്ങിയ പഴങ്ങൾ വിളയിക്കുന്ന ശീതകാല നിദ്രയിലാണ്ട കൃഷിയിടങ്ങൾ. താഴ്‌വരയിലെ മിതോഷ്ണ കാലാവസ്ഥയിൽ നന്നായി വളരുന്ന ഈ വിളകളാണ് താഴ്‌വരയുടെ സാമ്പത്തിക സ്രോതസ്സ്. വിളവെടുപ്പിന്റെ കാലത്തു പഴങ്ങൾ നിറഞ്ഞു നിൽക്കുന്ന തോട്ടങ്ങൾ സങ്കൽപ്പിച്ചുകൊണ്ട് കമ്രു കോട്ട ലക്ഷ്യമാക്കി നടന്നു. പുരാതനമായ കോട്ടയുടെ എടുപ്പിനേക്കാൾ അവിടെ നിന്നുള്ള അവാച്യമായ ദൃശ്യാനുഭവമാണ് സഞ്ചാരികളെ അങ്ങോട്ടേക്ക് ആകർഷിക്കുന്നത്. നീലവാനിന്നു താഴെ വെള്ളയും പച്ചയും ഇടകലർന്ന മലനിരകൾ, അഴിഞ്ഞു വീണ കൊലുസ്സുപോലെ ബസ്‌പാ നദി , സംഗ്ല താഴ്‌വരയുടെ ഈ പരിദർശനം മനസ്സിൽ എന്നെന്നും മായാതെ നിൽക്കും.


              മഞ്ഞു മൂടിക്കിടക്കുന്ന കുറ്റികാടുകളുടെ ഇടയിലൂടെ കുറെയേറെ ഇരുന്പു പാലങ്ങളും ചപ്പാത്തുകളും കടന്നു വേണം ചിത്കുളിൽ എത്താൻ. ഇടയ്ക്കു പ്രത്യക്ഷപ്പെടുന്ന ചെറിയ വീടുകളും തോട്ടങ്ങളും ഒഴിച്ച് നിർത്തിയാൽ കല്ലും മഞ്ഞും മരങ്ങളും മാത്രം . പോലീസ് ചെക്‌പോസ്റ്റിൽ തിരിച്ചറിയൽ രേഖകൾ സമർപ്പിച്ചു വേണം ഈ ചെറിയ ഗ്രാമത്തിലേക്ക് പ്രവേശിക്കാൻ. 



         

            വഴിയരികിലെ പരസ്യ ഫലകത്തില്‍ കാണുന്ന പോലെ ചിത്കുള്‍ ഇന്ത്യയിലെ അവസാനത്തെ ഗ്രാമമാണ്‌ , ടിബെറ്റിലേക്ക് നീണ്ടിരുന്ന പ്രാചീന ചരക്കു പാതയിലെ അവസാനത്തെ ജനപദം . നാട്ടുവഴികൾ ഒത്തുചേരുന്ന കവലയിൽ നിന്നും മഞ്ഞുറഞ്ഞു കിടക്കുന്ന വഴിയിലിലൂടെ കുറച്ചു നടക്കുമ്പോൾ താഴെ പുഴയുടെ തീരത്തോട് ചേർന്ന് മഞ്ഞുകംബളംവിരിച്ച വലിയ മൈതാനവും അതിനോട് ചേർന്ന കെട്ടിടവും കാണാം. ഗ്രാമത്തിലെ അവസാനത്തെതായ ഈ കെട്ടിടത്തിന് അടുത്ത് ചെല്ലുമ്പോൾ, കൽഭിത്തിയിൽ കറുത്ത നിറത്തിൽ നിരയൊക്കാതെ എഴുതിയ അക്ഷരങ്ങൾ തെളിയുന്നു, “ചിത്കുൾ ഹൈസ്കൂൾ”. ഒരു വിദ്യാലയത്തിന് ഇതിലുമേറെ യോജിച്ച പരിസരം വേറെതാണ് ? ശൈത്യകാലാവധി കഴിയാത്തതിനാൽ ആളൊഴിഞ്ഞു കിടന്ന സ്കൂൾ വരാന്തയിൽ അൽപനേരം ധ്യാനലീനരായി. പ്രശാന്തമായ ഈ പ്രകൃതിയിൽ എത്ര നേരം ഇരുന്നാലും മതിവരില്ല, പക്ഷെ തിരികെ യാത്ര അനിവാര്യമാണല്ലോ. 





                    " ഇവിടെ വഴി അവസാനിക്കുകയാണ് യാത്രയും, മനസ്സിൽ ബസ്പ നദിയുടെ നേര്‍ത്ത ഒഴുക്കിന്റെ തീരങ്ങളില്‍ ഉറഞ്ഞു പോയ മഞ്ഞും കുറച്ചകലെയായി ഹിമസാന്ദ്രമായ പര്‍വ്വത ശിഖരങ്ങളും മാത്രം.... "




Comments

Post a Comment

Popular posts from this blog

കൊഹിമയിലെ ടെന്നിസ് കോർട്ട്

ഐസ്വാള്‍