കടമക്കുടിയിലെ നാട്ടുവഴികൾ

തൈക്കുടം ബ്രിഡ്ജ്നു താഴെ കണ്ടുമുട്ടുമ്പോൾ ഫോർട്ട് കൊച്ചിയിൽ നിന്നും ഇത്രയും ദൂരം സൈക്കിൾ ചവിട്ടിയതിന്റെ വലിയ ക്ഷീണമൊന്നും നിതീഷിന്റെ മുഖത്തു കാണുന്നില്ല എന്നത് തെല്ലൊരാശ്വാസം നൽകി. പെട്ടെന്നൊരു സുപ്രഭാതത്തിൽ നാല്പതു കിലോ മീറ്ററോളം സൈക്കിൾ ചവിട്ടി തിരിച്ചെത്താൻ ആകുമോ എന്നൊരു സംശയം മനസിലെവിടെയോ ഉണ്ടായിരുന്നു. എറണാകുളം ബൈപാസിലൂടെ ഇടപ്പള്ളി കവല കടന്നു പനവേൽ ദേശീയ പാതയിലൂടെ പിന്നെ കണ്ടെയ്നർ റോഡിലൂടെ ചീനവലകൾ അതിരിടുന്ന മൂലമ്പള്ളിയിലെ കായൽ കടവിലേക്കെത്താൻ ഒരു മണിക്കൂറിലധികമെടുത്തു.

നാലുപാടും കായലിനാൽ ചുറ്റപ്പെട്ട കടമകുടിയിലെ ചില ദ്വീപുകളിലേക്ക് ചെന്നെത്താൻ പാലങ്ങളില്ല. ദ്വീപിലെ വഴികളെ നഗരത്തിന്റെ പാതകളുമായി ബന്ധിക്കുന്നത് വലിയ വള്ളങ്ങൾ ചേർത്തുണ്ടാക്കിയ ജങ്കാറുകളാണ്. കടത്തു കടന്ന് പിഴാലയിലെ പൊക്കാളി ഫാമിലൂടെയുള്ള വഴിയിലൂടെ വേണം ചെറിയ കടമക്കുടിയിലെത്താൻ. നെൽകൃഷിയും മത്സ്യകൃഷിയും മാറി മാറി ചെയ്യുന്ന പൊക്കാളി പാടങ്ങളിൽ കന്നി കൊയ്തിനു പാകമായ വലിയ കതിരുകളുമേന്തി നിൽക്കുന്ന നെൽചെടികളും പച്ചപ്പിന്റെ പരപ്പിനതിരിടുന്ന തെങ്ങിൻ നിരകളും കടന്നു തോടിനു കുറുകെയുള്ള നടപ്പാലം കടന്നാൽ ചെറിയ കടമക്കുടിയായി. ഒരു റിബൺ കഷണം പോലെ ചെറിയൊരു തുരുത്ത്. തോട്ടുവക്കിനോടു ചേർന്നു തുരുത്തിന്റെ രണ്ടറ്റങ്ങളിലേക്കും നീണ്ടു കിടക്കുന്ന മൺവഴിയുടെ ഓരം ചേർന്നു വീടുകൾ.

ചെറുതോണികൾകൊണ്ടുണ്ടാക്കിയ ജങ്കാറിൽ പിഴലയിൽ നിന്നും കടമക്കുടിയിലേക്ക്. വെള്ളക്കെട്ടുകൾക്കും പൊക്കാളി പാടങ്ങൾക്കും നടുവിലൂടെ സുറുമയെഴുതിയ പോലെ നീണ്ടുകിടക്കുന്ന റോഡ്. കായൽ കടന്നെത്തുന്ന കാറ്റിന്റെ മൂളക്കവും പൽചക്രത്തിലെ ചങ്ങലച്ചിരിയും മാത്രം. ഇരുപുറവും നീണ്ടുകിടക്കുന്ന നീർത്തടങ്ങളിൽ നീളൻ കൊക്കുകളാഴ്ത്തി ഇരയെ തിരയുന്ന ദേശാടനപക്ഷികളുടെ വൈവിധ്യം. മനസ്സിനാനന്ദം നൽകുന്ന പ്രശാന്തമായ ഗ്രാമാന്തരീക്ഷം.

ചെളിപൊത്തിയുണ്ടാക്കിയ ഒറ്റവരമ്പിലൂടെ പാടംകടന്ന് കായൽ കരയിലെത്തുമ്പോൾ ചെറിയൊരു ഓലപ്പുര, കടമക്കുടി കള്ളുഷാപ്പ്. വലിയൊരു കായൽ മീൻ വെട്ടാൻ പാകത്തിനു ചട്ടിയിൽ. വലിയ പാത്രത്തിൽ തിളയ്ക്കുന്ന കപ്പക്കഷ്ണങ്ങൾ, നിരന്നിരിക്കുന്ന ചില്ലിൻ കുപ്പികളിൽ വെളുത്ത തെങ്ങിൻ കള്ളും, ആളുകൾ വന്നു തുടങ്ങുന്നതേ ഉള്ളൂ. കായലോളങ്ങൾ താളം പിടിക്കുന്ന കാറ്റിന്റെ സംഗീതത്തിനൊത്തു നൃത്തം ചെയ്യുന്ന തെങ്ങിൻ നിരകൾക്ക് പശ്ചാത്തലമൊരുക്കുന്ന നീലവാനം . പ്രകൃതിയുടെ സുന്ദരമായ ദൃശ്യാവിഷ്‌കാരമാസ്വദിച്ചു ഷാപ്പിനുപുറത്തെ ഒറ്റതെങ്ങിനു താഴെ അല്പം വിശ്രമം.

തിരികെ യാത്രയിലാണ് കായലിൽ ഉയർന്നു കണ്ട കൂറ്റൻ തൂണുകളെക്കുറിച്ചു ആലോചിച്ചത്. ദേശീയ പാതയ്ക്കും തീരദേശറോഡിനും സമാന്തരമായി നിർമ്മിക്കുന്ന പാത കടമക്കുടിയുടെ നടുവിലൂടെ കടന്നുപോകും . പുതിയ പാലങ്ങൾ നഗരത്തെ കൂടുതൽ അടുത്തെത്തിക്കും. പക്ഷെ അതൊരിക്കലും കടമക്കുടിയിലെ നാട്ടുവഴിയാവുകയില്ല. പാലങ്ങളുടെ നാട്ടനൂഴുമ്പോൾ ഒരു പക്ഷെ ഈ ഗ്രാമത്തിന്റെ വശ്യത എന്നന്നേക്കുമായി നഷ്ടപ്പെട്ടേയ്ക്കാം.
Comments
Post a Comment