കൊഹിമയിലെ ടെന്നിസ് കോർട്ട്


“കൊഹിമയിലെ ടെന്നീസ് കോർട്ടിൽ അവിടെ വീണ ഓരോ മനുഷ്യനുംവേണ്ടി ഒരു ശ്മാശാനശില സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ആ ശിലകളിന്മേൽ അവർ ഓരോരുത്തരുടെ നാഴികകൾ കുറിക്കുന്ന പിത്തള പ്ലേറ്റുകളും. കാടുകൾ വെട്ടി നഗ്നമാക്കിയ കുന്നുകളിന്മേൽ വെള്ളക്കാരും അവർക്കു പുറകെ വന്ന  നാടൻ സാഹിബുമാരും പണിത ബംഗ്ലാവുകൾ എഴുന്നുനിന്നു. കുന്നുകളിൽചുറ്റി ഇഴയുന്ന റോഡുകളിൽകൂടി പട്ടാളവണ്ടികൾ ഇടവിടാതെ നീങ്ങിക്കൊണ്ടിരുന്നു. ടെന്നിസ് കോർട്ടിലെ പുൽത്തകിടികൾക്കിടയിലെ തടങ്ങളിൽ തഴച്ചു വളരുന്ന ശിശര പുഷ്പങ്ങൾ കാറ്റിൽ വിറച്ചു.”... --- അഭയാർത്ഥികൾ (ആനന്ദ്)

20170322_113535.jpg
വാർ സെമിത്തേരി

WhatsApp Image 2017-05-28 at 2.31.31 PM.jpeg
വാർ സെമിത്തേരി
  രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനകാലത്ത് അർത്തിരന്പി വന്ന ജപ്പാൻ സൈന്യത്തിനു തോറ്റു പിൻവാങ്ങേണ്ടി വന്നത് കൊഹിമയിൽ വച്ചാണ്. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ടെന്നിസ് മൈതാനത്തു വച്ചു നടന്ന ആ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കോമ്മൺവെൽത്ത് രാഷ്ട്രങ്ങളിലെ സൈനികരുടെ സമാധി സ്ഥലം കൊഹിമയുടെ ഹൃദയഭാഗത്തായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ചെറിയ തണുപ്പുള്ള പ്രഭാതം, വിജനമായ സെമിത്തേരിയിൽ പുൽതകിടികളിലെ പിത്തള തകിടുകളിലൂടെ കണ്ണോടിച്ചു നടന്നു. വിവിധ പദവികൾ വഹിച്ചവർ, വിവിധ ദേശവാസികൾ, മതക്കാർ , എല്ലാം അവിടെയുറങ്ങുന്നു, കൂടെ ദൈവത്തിനുമാത്രം അറിയാവുന്ന കുറെ അഞ്ജാതരും. ബ്രിട്ടന്റെ ഏറ്റവും മികച്ച യുദ്ധവിജയങ്ങളിൽ ഒന്നായി അവരുടെ സൈനിക മ്യൂസിയം തിരഞ്ഞെടുത്ത യുദ്ധത്തിലെ രക്തസാക്ഷികൾ .


പടവുകൾ കയറി മുകളിലെത്തുന്പോൾ വെള്ള നിറത്തിൽ അടയാളപ്പെടുത്തിയ പഴയ ടെന്നിസ് കളം. രക്തം പുരണ്ട മണൽ തരികൾക്കു മുകളിൽ, ലോകഭൂപടത്തെ മാറ്റി വരച്ച മഹായുദ്ധത്തിന്റെ ചരിത്രത്തെ കാലം ഈ ചെറിയ വരകളിൽ കുറിച്ചിടുന്നു. പിന്നെയും പടികൾ കയറി, സൈനികരുടെ മൃതദേഹങ്ങൾ മതാചാര പ്രകാരം ദഹിപ്പിക്കപ്പെട്ട ചെറിയ ഇടം, അതിനു നടുവിലായി അവരുടെ പേരുകൾ കുറിച്ച ചുമർ. ബ്രിട്ടീഷ് സേനക്കൊപ്പം ഇന്ത്യൻ നാട്ടുരാജ്യങ്ങളിലെ സൈനികരും ജപ്പാന്റെ ഉപരോധത്തെ ചെറുക്കാൻ നിയോഗിക്കപ്പെട്ടിരുന്നു.   കൊഹിമയിലെ മലയിടുക്കുകളിൽ തിങ്ങി നിറഞ്ഞ കെട്ടിടങ്ങൾ കടന്നു വരുന്ന തണുത്ത കാറ്റിൽ കാറ്റാടിമരങ്ങൾ എന്തൊക്കെയൊ മൂളിക്കൊണ്ടിരുന്നു.


20170322_114127.jpg
വാർ സെമിത്തേരി

വൈവിധ്യം നിറഞ്ഞ സംസ്കാരങ്ങൾ നാഗാലാൻഡിന്റെ പ്രത്യേകതയാണ്. ഓരോ വിഭാഗങ്ങൾക്കും അവരുടെതായ ഭാഷയും രീതികളും ഭക്ഷണശീലങ്ങളും. ഈ വൈവിധ്യങ്ങളെ എല്ലാം കൊഹിമ ഉൾകൊള്ളുന്നു, ഒപ്പം പുതിയ കാലത്തിന്റെ ശീലങ്ങളും. മാടും പന്നിയും പിന്നെ പല വലിപ്പത്തിലും നിറത്തിലുമുള്ള ഭക്ഷ്യയോഗ്യമായ മാംസപദാർത്ഥങ്ങൾ നിരക്കുന്ന ചന്തകളും എരിവേറിയ മാംസാഹാരം വിളന്പുന്ന ഭക്ഷണശാലകളും ഒട്ടേറെയുണ്ടിവിടെ. തീൻമേശകളിലേക്ക് നിയന്ത്രണങ്ങൾ കടന്നു വരുന്ന കെട്ടകാലത്ത് ഈ രുചികൾ അപ്രത്യക്ഷമാകാതിരിക്കട്ടെ.

നാഗാലാന്റിലെ പ്രധാന ക്രിസ്ത്യൻ ദേവാലയമായ കത്രീഡലിന്റെ വലിയ എടുപ്പുകൾക്ക് താഴെയുള്ള വിശാലമായ മുറ്റത്തിരുന്നാൽ കൊഹിമയുടെ വിശാലദൃശ്യം ആസ്വദിക്കാം. കുന്നുകളിൽ ചുറ്റി പോകുന്ന ഇന്തോ-ബർമ്മ റോഡിൽകൂടി വരിയൊത്തു നീങ്ങുന്ന ചെറുകാറുകൾ, കുന്നിൻ ചെരുവുകളിൽ തൊട്ടു തൊട്ടു നിൽക്കുന്ന കെട്ടിടങ്ങൾ, തിരക്കുള്ള കവലകൾ, അവയ്ക്കു പിന്നിലായി നിരന്നു കിടക്കുന്ന മലനിരകൾ.  

20170322_130514.jpg
കത്രീഡൽ    

നാഗാലാൻഡ് സ്റ്റേറ്റ് ട്രാൻസ്പോർടിന്റെ ബസ് കൊഹിമയിലെ മലകൾ ഇറങ്ങുന്പോഴും ആ വാചകമായിരുന്നു മനസ്സിൽ. സംവദിക്കുന്ന ആശയത്തോട് പൂർണമായ യോജിപ്പില്ലെങ്കിലും ചില വാചകങ്ങൾ മനസ്സിലുടക്കും, പൂക്കാൻ തുടങ്ങുന്ന ചെറിമരത്തിനു താഴെ പരന്പരാഗത നാഗാശൈലിയിലുള്ള ശ്മശാനശിലയിലെ ഗ്രാനൈറ്റ് ഫലകത്തിൽ കൊത്തിവച്ച മൃത്യുലേഖ:
“When you go home, tell them of us and say for your tomorrow we gave our today”,

Comments

Popular posts from this blog

ഐസ്വാള്‍

അവസാനത്തെ ഗ്രാമത്തിലേക്ക് …..