നന്ദി സച്ചിന്‍



  ജനിതകാമ്ലങ്ങളെ സൂക്ഷ്മമായി സമന്വയിപ്പിക്കുന്നതില്‍ ഇതിലും നിപുണയാകാന്‍ പ്രകൃതിയ്ക്ക് സാധിക്കുമോ . ഏറ്റവും മനോഹരമായ ആ സൃഷ്ടി , കര്‍മ്മമണ്ഡലത്തില്‍ , രണ്ടു പതിറ്റാണ്ടിലേറെ നീണ്ട അശ്വമേധത്തിനു ശേഷം കളമൊഴിയുന്നു . പുതു തലമുറയിലെ രാജകുമാരന്മാര്‍ക്ക് സ്വപ്‌നങ്ങള്‍ കാണുവാനായി നേട്ടങ്ങളുടെ അനന്ത പരിധികള്‍ നിര്‍വചിച്ചു ക്രിക്കറ്റിന്റെ ചക്രവര്‍ത്തി പടിയിറങ്ങുന്നു .


        "If he is not the best then I want to see the best. " എന്ന ഡേവിഡ്‌ ഷെപ്പേര്‍ഡിന്റെ വാക്കുകള്‍ കടമെടുക്കട്ടെ , ആ 'സാധ്യത' ക്രിക്കറ്റിന്റെ ഏതളവുകോലില്‍ അളന്നാലും അസാധ്യമാകുന്നു . കേളീ മികവിലും കണക്കുകളുടെ മാസ്മരികതയിലും സച്ചിന്‍ ആരെക്കാളും സമ്പന്നനാകുന്നു , അവയ്ക്ക് തിളക്കം കൂട്ടുന്ന അര്‍പണമനോഭാവവും കഠിനാദ്ധ്വാനവും ഏറ്റവും മികച്ചവനാക്കുന്നു.

      ക്രിക്കറ്റിന്റെ ലോകത്ത് എത്തിപെട്ട നാള്‍ മുതല്‍ സച്ചിന്റെ ആരാധകനായിരുന്നു , എന്നും ആയിരിക്കും . സച്ചിന്‍ ഇല്ലാത്ത ഒരു ക്രിക്കറ്റ്‌ ലോകത്തിലെ ജീവിതം എങ്ങനെ ആയിരിക്കും ?. മാറ്റം അനിവാര്യമാണല്ലോ . എങ്കിലും സച്ചിന്‍ നിറഞ്ഞാടിയ ഓരോ നിമിഷവും സുന്ദരമായ കാവ്യം പോലെ മനസ്സില്‍ വിടര്ന്നുകൊണ്ടിരിക്കും , ഓര്‍മ്മകള്‍ നശിക്കുന്ന കാലം വരെ . ക്രിക്കറ്റ്‌ നിലനില്‍ക്കും സച്ചിന്‍ വാഴ്ത്തപ്പെടുന്ന കാലങ്ങളില്‍ .....


 വാക്കുകള്‍ക്കപ്പുറമായ ഒരവസ്ഥയെ പരിമിതമായ മനുഷ്യന്റെ വാക്കുകളില്‍ പ്രകടിപ്പിക്കാനവാത്ത ചില നിമിഷങ്ങള്‍ കാലം നമുക്കായി കാത്തുവെക്കും . ആ നിമിഷങ്ങളുടെ നിഴലുകളില്‍ ഓര്‍മ്മകള്‍ തെളിയുന്നു. വിരമിക്കല്‍ പ്രഖ്യാപനം മനസ്സില്‍ സൃഷ്ടിക്കുന്ന ശൂന്യതയിലേക്ക് നീ നല്‍കിയ സുവര്‍ണ്ണ നിമിഷങ്ങള്‍ ഒഴുകിയെത്തുന്നു , വിങ്ങലില്‍ ഒരു പുഞ്ചിരി , നിന്റെ വരദാനം , വിടരുന്നു . നന്ദി സച്ചിന്‍ . നീ നല്‍കിയ വിജയങ്ങള്‍ക്ക് , മനോഹര ഇന്നിങ്ങ്സുകള്‍ക്ക് , അനിര്‍വചനീയമായ ആമോദത്തിന് ...


--------------------------------------------------------------------------------------------------------------------------

        ചില നിമിഷങ്ങൾ അങ്ങനെയാണ്, അനാദിയായ കാലത്തിന്റെ അനസ്യൂതമായ ഒഴുക്കിനെ ഭഞ്ജിച്ച് ഒരു മരവിപ്പായി നമ്മിൽ തങ്ങി നില്ക്കും, വാക്കുകൾക്ക് വിടരാൻ കഴിയാത്ത നിമിഷങ്ങൾ. ഇനിയുള്ള നാല് ദിവസങ്ങളിൽ ഒന്നിൽ ഉയർത്തിപിടിച്ച കൈകളുമായി വിജയാഹ്ലാദത്തിൽ , അല്ലെങ്കിൽ ഉയരുന്ന ചൂണ്ടുവിരലിൽ നോക്കി നീ നടന്നകലുന്ന നിമിഷം അങ്ങനെ ഒന്നായിത്തീരും , ഓരോ ക്രിക്കറ്റ്‌ പ്രേമിക്കും.

        പുഴ ഒഴുകുംപോലെ ഒരു സുന്ദര കാവ്യം പോലെ 24 വർഷങ്ങൾ ആനന്ദത്തിന്റെ പരസഹസ്രം നിമിഷങ്ങൾ സമ്മാനിച്ച്‌ നീ വിട പറയുമ്പോൾ നിന്റെ കളിയെ പ്രണയിച്ച മനസ്സുകൾ ഒഴുക്ക് മറക്കുകയാണ് , ഇനി ഞങ്ങൾ ഓര്മയുടെ ചില്ലയിൽ ചേക്കേറട്ടെ, നിന്റെ വിസ്മയങ്ങളുടെ മധു വീണ്ടും വീണ്ടും നുകരട്ടെ...

നന്ദി സച്ചിൻ ....................................................


Comments

Popular posts from this blog

കൊഹിമയിലെ ടെന്നിസ് കോർട്ട്

ഐസ്വാള്‍

അവസാനത്തെ ഗ്രാമത്തിലേക്ക് …..