മജുലി

" അവസാന വെള്ളപ്പൊക്കത്തിൽ അപ്രത്യക്ഷമായ പാതയുടെ കൃശഃസ്മൃതിയിലൂടെ കയറിയും ഇറങ്ങിയും ബസ് നീങ്ങിക്കൊണ്ടിരുന്നു. പുരയിടങ്ങളുടെ മദിപ്പിക്കുന്ന പച്ച വഴിയിൽ സാവധാനം പിന്തള്ളപ്പെട്ടു. നദിയോടടുക്കും തോറും പ്രകൃതി നിർജനവും വിശാലവുമായ ചളിപ്പരപ്പായി മാറി ", വർഷങ്ങൾക്കു മുൻപ് നിമാത്തിഘട്ടിലേക്കുള്ള  ബസ് യാത്രയെ രവീന്ദ്രൻ ഇങ്ങനെ കുറിച്ചിടുന്നു.


   ജോർഹട് പട്ടണപ്രാന്തത്തിലെ വഴികൾ ഇപ്പോൾ ചെറിയ വാനുകൾ കൈയ്യടക്കിയിരിക്കുന്നു. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഗസ്റ്റ് ഹൌസിൽ നിന്നും മഞ്ഞല മായുന്നതിനു മുൻപേയിറങ്ങി ഘട്ടിലേക്കുള്ള വാനുകളിലൊന്നിൽ ഇടം പിടിച്ചു. വയലുകളും ചെറിയ ഗ്രാമങ്ങളും താണ്ടി നദിയ്ക്കു സമാന്തരമായി കുറച്ചോടി വണ്ടി നിമാത്തി ഘട്ടിൽ നിന്നു. മണൽ പരപ്പിൽ താത്കാലിക പന്തലുകളിൽ ചെറിയ പീടികകൾ , പിന്നെ നിദിയിൽ നങ്കൂരമിട്ട നിർത്തിയിരിക്കുന്ന ബോട്ട് സ്റ്റേഷൻ അതിനപ്പുറത്തു നിളയോളം വീതിയിൽ ബ്രഹ്മപുത്രയുടെ നിറവ്. അക്കരയിൽ കുത്തനെ ഉയർന്നു നിൽക്കുന്ന മണൽത്തിട്ട മാത്രം കാണാം. മഞ്ഞുകാലത്തിന്റെ ആലസ്യത്തിൽ ശാന്തമായൊഴുകുന്ന നദി ആദ്യനോട്ടത്തിൽ  അത്ഭുതപ്പെടുത്തില്ല. കലിയിളകി മറുകര കാണിക്കാതൊഴുകുന്ന ബ്രഹ്മപുത്രയുടെ ചിത്രമാണല്ലോ നമുക്ക് സുപരിചിതം.

 ആളിനും ആടിനും ആനയ്ക്കുമൊക്കെയുള്ള കടത്തുകൂലി രേഖപ്പെടുത്തടിയ വലിയ ബോർഡും വായിച്ചു ബോട്ടുപുറപ്പെടുന്നതും കാത്തിരുന്നു.വലിയ വഞ്ചികൾ ചേർത്തുണ്ടാക്കിയ തകരത്തട്ടിൽ വാഹനങ്ങളും അതിനു താഴെയുള്ള അറകളിലെ മരബെഞ്ചുകളിൽ ആളുകളുമായുള്ള ഈ കടത്തു ബോട്ടുകളാണ് ലോകത്തിലെ ജനവാസമുള്ള  ഏറ്റവും വലിയ നദീ ദ്വീപിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്നത്. മുക്കാൽ മണിക്കൂറോളം വേണം അക്കരെയെത്താൻ, കടവിന് മറുവശത്തായി കാണുന്നത് മണൽ തിട്ടകൾ മാത്രമാണ് , ശൈത്യകാലത്തു  മാത്രം തെളിയുന്ന മണൽ ദ്വീപുകൾ, അവയ്ക്കിടയിലൂടെചെറുതും വലുതുമായ കൈവഴികളായി ഒഴുകുന്ന നദി  മഴക്കാലത്ത്  ഈ ചെറിയ തുരുത്തുകളെയെല്ലാം അസുര പ്രവാഹത്തിൽ മുക്കിക്കളയുന്നു, കൂടെ കരയെയും. കടവുകൾ കിലോ മീറ്ററുകളോളവും പിറകിലോട്ട് മാറ്റപ്പെടുന്നു. മണൽ തുരുത്തുകൾക്കിടയിലെ ജലവീഥികളിലൂടെ ചെറിയ കാറ്റിനൊപ്പം ബോട്ട്  കമലബാരി കടവിനെ ലക്‌ഷ്യം വച്ചു നീങ്ങി. നാലുപാടും നോക്കെത്താദൂരത്തോളം വെള്ളവും വെള്ള മണലും മാത്രം.



 കമലാബാരിയിലെ  കടവും താത്കാലികമാണ്, കര പിന്നെയും ഒരു കിലോമീറ്ററോളം അകലെയാണ്. വിശാലമായ മണൽപ്പരപ്പിൽ ചെറിയ കടകൾക്കപ്പുറം യാത്രക്കാരെ കാത്തുനിൽക്കുന്ന വാഹനങ്ങൾ. മണ്ണിട്ട് നിരപ്പാക്കിയ വഴിയിലൂടെ പൊടിപാറിച്ചു പോകുന്ന വണ്ടികളിലൊന്നിൽ മണൽ നദി കടന്നു. പ്രസിദ്ധമായ വൈഷ്ണവ സത്രങ്ങളിലേക്കുള്ള ദിശാസൂചകങ്ങളും ഡ്രൈവറുടെ സത്ര മാഹാത്മ്യങ്ങളും പാടെ അവഗണിച്ചു.



നെല്ല് തിളപ്പിച്ച് പുളിപ്പിച്ചു ഉണ്ടാക്കുന്ന റൈസ് ബിയറിന് പ്രസിദ്ധമാണ് മജൂലിയിലെ ഗ്രാമങ്ങൾ . കള്ളിനെ പോലെ ലഹരി കുറഞ്ഞ പാനീയം . അപോങ് എന്ന് വിളിപ്പേരുള്ള പാനീയത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഒഴുക്കില്ലാത്ത തോടിന്റെ ഓരം ചേർന്നുള്ള മൺവഴിയിലേക്ക് ഡ്രൈവർ വണ്ടി തിരിച്ചു. മിസിങ് ഗോത്രക്കാരുടെ ഒരു ഗ്രാമത്തിലാണ് വണ്ടി നിന്നത്. മുളംകൂട്ടങ്ങൾ അതിരിടുന്ന മരങ്ങൾ നിറഞ്ഞ പറമ്പിൽ തൊട്ടുതൊട്ടുള്ള ചെറിയ വീടുകൾ. മഴക്കാലത്തു ഉഗ്രരൂപിയാകുന്ന ബ്രഹ്മപുത്രയിൽ നിന്നുള്ള രക്ഷയ്ക്കായ് ഗ്രാമത്തിലെ വീടുകളെല്ലാം വലിയ മരമുട്ടുകളിൽ ഉയർന്നു നിൽക്കുന്നു. പക്ഷെ പലപ്പോഴും വെള്ളം അതിനെയെല്ലാം കവിഞ്ഞു നിറയുന്നു. മുളകൾ അടുക്കി ഉണ്ടാക്കിയ നിലവും മുളൻചീന്ത് കൊണ്ടുള്ള ചുമരിനും മുകളിൽ വൈക്കോൽ മേഞ്ഞ വീടുകൾക്ക് താഴെ ചെറിയ തറികൾ കാണാം.നെയ്തും കൃഷിയുമാണിവരുടെ പ്രധാന ഉപജീവനമാർഗം. എല്ലാം താത്കാലികമാണിവിടെ, എപ്പോൾ വേണമെങ്കിലും കടന്നു വരാവുന്ന വെള്ളപൊക്കത്തിന്റെ അനിശ്ചിതത്വത്തിൽ ജീവിക്കുന്ന ഗ്രാമങ്ങൾ.


വീടുകളിലൊന്നിലേക്ക് ഞങ്ങളെ നയിച്ച് ഡ്രൈവർ ശിവോയ് തറികളിലൊന്നിൽ താളത്തിൽ കൈകൾ ചലിപ്പിച്ചു നെയ്തുകൊണ്ടിരിക്കുന്ന വീട്ടുകാരിയോട് അപോങ് ആവശ്യപ്പെട്ടു. അവർ നടത്തിയ കുശലാന്വേഷങ്ങൾ മിസിങ് ഭാഷയിൽ നിന്നും ശിവോയ് ഞങ്ങൾക്കായി തർജ്ജമ ചെയ്തു. അവധി ദിനം ആഘോഷമാക്കുന്ന കുട്ടിക്കൂട്ടത്തിനു പക്ഷേ ശിവോയുടെ സഹായം ആവശ്യമില്ലായിരുന്നു. ഹിന്ദിയിലും അല്പം തപ്പി ഇംഗ്ലീഷിലും അവർ അതിഥികളെ ചോദ്യം ചെയ്തു. വീടിനു മുന്നിലെ മുളംതട്ടിൽ ഞങ്ങളെ ഇരുത്തി അകത്തു പോയ അവർ തിരിച്ചു വന്നത് കഞ്ഞി വെള്ളം പോലെ തോന്നിക്കുന്ന കൊഴുത്ത പാനീയം നിറച്ച ചെറിയൊരു തൂക്കുപാത്രവുമായാണ്. എടുത്ത് പറയാൻ മാത്രം ഗന്ധമില്ലാത്ത അപോങ് മൊത്തിക്കുടിച്ചുകൊണ്ട് സുഹൃത്ത് പറഞ്ഞത് “ കഞ്ഞി വെള്ളത്തിൽ മുന്തിരി വീഞ്ഞ് കലക്കിയ പോലെ ” എന്നാണ്.











വെള്ളപ്പൊക്കത്തിന്റെയും രാസോത്സവങ്ങളുടെയും കഥകൾ കേട്ട് ഗ്രാമവഴികളിൽ ശിവോയിയോടൊപ്പം ചുറ്റിയടിച്ചു കമലാ ബാരിയിൽ തിരിച്ചെത്തിയപ്പോൾ നിമാത്തി ഘട്ടിലേക്കുള്ള അവസാന ബോട്ട് ആളെ കയറ്റിത്തുടങ്ങിയിരുന്നു. മണലിന്റെ വെളുത്ത ക്യാൻവാസിലേക്ക് നദിയുടെ ഇളം നീലനിറം നിറയുന്നതും നോക്കി ബോട്ടിലിരിക്കെ മജുലി ഒരു നീണ്ട വരയായി ചുരുങ്ങി മാഞ്ഞു.

Comments

Popular posts from this blog

നന്ദി സച്ചിന്‍

അവസാനത്തെ ഗ്രാമത്തിലേക്ക് …..