ഐസ്വാള്‍



     സിൽച്ചർ റെയിൽവേ സ്റ്റേഷനുമുന്പിൽ ബസ്സിറങ്ങുമ്പോൾ നേരംപുലരാൻ മണിക്കൂറുകൾ ബാക്കിയുണ്ടായിരുന്നു, ചിന്നിപെയ്‌യുന്ന മഴയും. പുസ്തകത്തിൽനിന്നും തെറിച്ചുയരുന്ന മുഷ്ടിചുരുട്ടിയ പതിനൊന്നു കൈകൾ കത്തിപ്പടരുന്ന തീനാളംപോലെ തോന്നിക്കുന്ന വലിയൊരു ശില്പമുണ്ട് സ്റ്റേഷനു പുറത്ത്. ബരാക്ക് താഴ്‌വരയിൽ അസാമീസ് ഭാഷ നിർബന്ധമാക്കിയതിനെതിരെ നടന്ന ബംഗാളി മാതൃഭാഷാ സംരക്ഷണസമരത്തിൽ രക്തസാക്ഷികളായവരുടെ സ്മാരകസ്തൂപം. സാംസ്കാരിക വൈവിധ്യങ്ങളെയില്ലാതാക്കി സാമ്രാജ്യങ്ങൾ പടുത്തുയർത്താൻ പണ്ടുമുതലേ സ്വീകരിച്ചുവരുന്ന രീതിയാണല്ലോ അന്യഭാഷകൾ അടിച്ചേൽപ്പിക്കുന്നത്. ദേശീയ ഭാഷയെന്ന മിഥ്യാപദവി വഴി നടപ്പാക്കുന്ന സാംസ്കാരികാധിനിവേശങ്ങളുടെ കെട്ടകാലത്ത് കൂടുതൽ ജാഗരൂകരാവാൻ നമ്മെ ഓർമ്മിപ്പിക്കുന്നൂ ആ ഉയരുന്ന കൈകൾ . “ചോരതുടിക്കും ചെറുകയ്യുകളേ, പേറുക വന്നീ പന്തങ്ങൾ...”




   അഗർത്തലയിലേയ്‌ക്കുള്ള പാസഞ്ചെർ വണ്ടിയ്‌ക്കു ടിക്കെറ്റെടുക്കാൻ രാവിലെ കൗണ്ടെർ തുറക്കുന്നതുവരെ കാത്തിരിക്കണം. വരാന്തയിലെ കസേരകളിലിരുന്നുറങ്ങി നേരം വെളുത്തപ്പോളാണു മിസൊറാമിലേക്കുള്ള inner line permit നെപ്പറ്റി ആലോചിച്ചത്. മിസോറാം സ്വദേശികൾ അല്ലാത്തവർക്ക് സംസ്ഥാനത്തിനകത്ത് പ്രവേശിക്കുവാൻ പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്. അഗർത്തലയിൽ നിന്നും തിരിച്ചെത്തുക അവധി ദിവസമാകുമെന്നതിനാൽ ഐ.എൽ.പി ലഭിക്കില്ലെന്നു കരുതി മിസോറാം ഹൗസിലേക്ക് വച്ചുപിടിച്ചു. “ഉർവശി തീയേറ്ററി”നെ അനുസ്മരിപ്പിക്കുന്ന മിസോറാം ഹൗസിൽ പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന മുറികളിൽ ഒഴിഞ്ഞ കസേരകൾ മാത്രം. ഇനി എന്തെന്ന് ആലോചിച്ചു പണ്ടെന്നോ നിർത്തലാക്കിയ മിസൊറാം ട്രാൻസ്പോർട് സർവ്വീസിന്റെ സമയപ്പട്ടികയും നോക്കി നിൽക്കുമ്പോളാണു ഒരു ടാക്സി മുന്നിൽ വന്നു നിന്നത്. ഐസ്വാളിലേക്ക് ആറുമണിക്കൂറിലേറെ നീളുന്ന ടാക്സിയാത്രയാണ്, സംസ്ഥാനാതിർത്തിയായ വാറെൻഗെറ്റ്ലെ ഒരു വീട്ടിൽ തിരിച്ചറിയൽ രേഖയും വരിപ്പണവും നൽകി ലഭിച്ച അനുമതി തൊട്ടത്തുള്ള പോലീസ് പോസ്റ്റിലെ ഉദ്യോഗസ്ഥൻ മുദ്ര ചെയ്യണമെങ്കിൽ കൈക്കൂലി നൽകണം, അല്ലെങ്കിൽ തിരിച്ചു പോരാം.






        കുത്തനെയുള്ള ചെറുമലനിരകളും താഴ്‌വാരങ്ങളുമായി വിസ്തീർണത്തിന്റെ സിംഹഭാഗവും വനമാണിവിടെ. മലമ്പാതയാണെങ്കിലും പറയത്തക്ക കാഴ്ചകളൊന്നും ഈ വഴിയിലെവിടെയുമില്ല. മാത്രമല്ല പൊട്ടിപ്പൊളിഞ്ഞ ദേശീയപാതയും മലയിടിച്ചിലും പൊടിമയമാക്കിയ അന്തരീക്ഷവും. വഴിയരികിൽ കാണുന്ന മരങ്ങളും മുളവീടുകളും ചെറിയ ഗ്രാമച്ചന്തകളുമെല്ലാം പൊടിയുടെ നരച്ചമേലങ്കിയണിയുന്ന മടിപ്പിക്കുന്ന കാഴ്ചകൾ മാത്രം. സംസ്ഥാന തലസ്ഥാനത്തെയ്ക്ക്കുള്ള ഈ പ്രധാന പാതയുടെ ഇരുന്നൂറു കിലോമീറ്റർ ദൂരത്തിലെവിടെയും തുറന്ന ഒരു എ.ടി.എം പോലുമില്ലായിരുന്നു, കാർഡ് ഉപയോഗിക്കാവുന്ന കടകളും. ഭക്ഷണശാലയിൽ ടാക്സി ഡ്രൈവറിൽ നിന്നും കടം വാങ്ങിയ നോട്ടുകൾ നൽകുമ്പോൾ ഗീർവാണങ്ങളെല്ലാം പൊളിഞ്ഞു തിക്തഫലങ്ങൾ മാത്രം അവശേഷിപ്പിച്ച ആ നോട്ടുപിൻവലിക്കൽ പ്രഖ്യാപനം നടന്നിട്ട് നാലുമാസത്തോളം കഴിഞ്ഞിരുന്നു.





         ഐസ്വാൾ, കുന്നുകൾക്കുമുകളിൽ ഇടുങ്ങിയ വഴികളുള്ള തിരക്കുള്ള വലിയൊരു പട്ടണം. അല്പം വിശ്രമിച്ചു പുറത്തിറങ്ങിയപ്പൊഴെക്കും സൂര്യൻ അസ്തമിക്കാറായിരിക്കുന്നു. ചാറ്റൽ മഴയും തണുപ്പും വകവക്കാതെ മിസൊ ഗാനങ്ങൾ പോപ് സംഗീത രീതിയിൽ അവതരിപ്പിക്കുന്ന ഒരു പറ്റം യുവാക്കൾ, വാരാന്ത്യമാഘോഷിക്കുന്ന കുടുംബങ്ങൾ , തനതു മാംസാഹാരങ്ങൾ വിൽക്കുന്ന വഴിവാണിഭക്കാരായ സ്ത്രീകൾ, അലസമായി പുകവലിച്ചിരിക്കുന്നവർ, പരാജയപ്പെട്ട മദ്യ നിരോധനത്തിനു ശേഷം തുറന്ന മദ്യശാലകൾക്കു മുന്നിലെ ചെറിയ ആൾക്കൂട്ടം, നടത്തതിനിടയ്ക്ക് കടന്നുപോയ ആ മുഖങ്ങളിലെല്ലാം നേരിയ ഒരു മ്ലാനത നമുക്ക് വായിച്ചെടുക്കാനാവും, പിന്നിട്ട വിഷമഘട്ടങ്ങളുടെ ശേഷിപ്പായിരിക്കാം.





 മൂന്നു പതിറ്റാണ്ടോളം കലുഷിതമായിരുന്നു മിസൊറാം. മുളകൾകൊണ്ടു സമ്പുഷ്ടമാണിവിടുത്തെ കാടുകൾ. അരനൂറ്റാണ്ടിലൊരിക്കൽ അവ ഒന്നിച്ചു പൂക്കുന്നു, അതോടൊപ്പം പെറ്റുപെരുകുന്ന എലികൾ വലിയ വിള നാശത്തിനു കാരാണമാകുന്നു. അത്തരമൊരു പഞ്ഞകാലത്തു സഹായമപേക്ഷിച്ച കർഷകക്കുനേരെയുള്ള അവഗണന അസ്സം ഭരണകൂടത്തിനെതിരെ പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപെടുന്നതിലേക്കും പിന്നീടത് സ്വതന്ത്ര മിസൊ രാജ്യമെന്ന ആവശ്യത്തിലേക്കും രണ്ടു പതിറ്റാണ്ടൊളം നീണ്ട സായുധ സമരങ്ങളിലേക്കും ഇവിടുത്തെ ജനങ്ങളെ എത്തിച്ചു. സ്വന്തം ജനതയ്ക്ക്മേൽ ഇന്ത്യൻ വ്യോമസേനയ്ക്കു ബോംബിങ് നടത്തേണ്ട അവസ്ഥപോലും സൃഷ്ടിച്ചു. മിസൊറാം സംസ്ഥാന രൂപീകരണത്തിനും സമാധാന കരാറുകൾക്കും ശേഷം ഏറെക്കുറെ ശാന്തമാണിവിടം. എങ്കിലും സമാധാനകരാറുകൾക്ക് ഭൂതകാലാനുഭവങ്ങളെ മായ്ക്കുവാനാകില്ലല്ലൊ. കർഷക ആത്മഹത്യകൾ പെരുകുമ്പോൾ തലസ്ഥാനത്തു നടക്കുന്ന സമരങ്ങളോടുപൊലും മുഖതിരിച്ചിരിക്കുന്നവർ ഇങ്ങനെയുള്ള “നല്ല ദിവസ”ങ്ങളാവും നമുക്ക് സമ്മാനിക്കാൻ പോകുന്നത്.
  മാംസാഹാരപ്രിയർക്ക് പരീക്ഷിക്കാൻ ഒരുപാടു വിഭവങ്ങളുമായി തുറന്നിരിക്കുന്ന ഭക്ഷണശാലകളിലൊന്നിൽ വലിയ പരീക്ഷണങ്ങൾക്ക്മുതിരാതെ അത്താഴം കഴിച്ചു. തണുപ്പും യാത്രാക്ഷീണവും ഉറക്കത്തെ വേഗമെത്തിച്ചു.



  തിരിച്ചിറങ്ങിയത് മറ്റൊരു വഴിക്കാണ്, വഴി മാറിയെങ്കിലും അവസ്ഥയ്‌ക്ക്‌ മാറ്റമേതുമില്ല, പാറക്കല്ലുകൾ നിറഞ്ഞ പൊടിപാറുന്ന പാത. ഇടി വെട്ടിയവനെ പാന്പുകടിച്ചെന്നു പറഞ്ഞപോലെ വഴിയിൽ വച്ച് വണ്ടിയും കേടായി. ആളെ നിറച്ചു മാത്രം മലയിറങ്ങുന്ന ടാക്‌സികളിലൊന്നിലും ഇടം ലഭിക്കാതെ വഴിയിൽ ഇരിക്കേണ്ടിവന്നു. അവസാനം ഒരു സ്വകാര്യവാഹനത്തിനു കൈകാണിച്ചു. അസം അതിർത്തിയിൽ എത്തുമ്പോൾ മിസൊറാമിലെ ഏക റെയിൽവേ സ്റ്റേഷൻ കാണാം, പാത ഐസ്‌വാളിലേക്കു നീട്ടുന്നതിനായി ഉണ്ടാക്കുന്ന തുരങ്കത്തിന്റെ തുടക്കവും. തെക്കൻ അസം സമതലങ്ങളിലെ നെൽപ്പാടങ്ങളും തേയിലത്തോട്ടങ്ങളും കടന്നു അതിർത്തി പട്ടണമായ കരിംഗഞ്ച് എത്തുമ്പോൾ  സന്ധ്യകഴിഞ്ഞിരുന്നു. ബരാക്ക് നദിക്കപ്പുറത്ത് ബംഗ്ലാദേശ് ഗ്രാമങ്ങളിലും ഇരുട്ട് പരന്നിരിക്കും, അതിർത്തികൾ മനുഷ്യരുണ്ടാക്കിയതാണല്ലോ .


Comments

Popular posts from this blog

കൊഹിമയിലെ ടെന്നിസ് കോർട്ട്

അവസാനത്തെ ഗ്രാമത്തിലേക്ക് …..