മജുലി

" അവസാന വെള്ളപ്പൊക്കത്തിൽ അപ്രത്യക്ഷമായ പാതയുടെ കൃശഃസ്മൃതിയിലൂടെ കയറിയും ഇറങ്ങിയും ബസ് നീങ്ങിക്കൊണ്ടിരുന്നു. പുരയിടങ്ങളുടെ മദിപ്പിക്കുന്ന പച്ച വഴിയിൽ സാവധാനം പിന്തള്ളപ്പെട്ടു. നദിയോടടുക്കും തോറും പ്രകൃതി നിർജനവും വിശാലവുമായ ചളിപ്പരപ്പായി മാറി ", വർഷങ്ങൾക്കു മുൻപ് നിമാത്തിഘട്ടിലേക്കുള്ള ബസ് യാത്രയെ രവീന്ദ്രൻ ഇങ്ങനെ കുറിച്ചിടുന്നു. ജോർഹട് പട്ടണപ്രാന്തത്തിലെ വഴികൾ ഇപ്പോൾ ചെറിയ വാനുകൾ കൈയ്യടക്കിയിരിക്കുന്നു. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഗസ്റ്റ് ഹൌസിൽ നിന്നും മഞ്ഞല മായുന്നതിനു മുൻപേയിറങ്ങി ഘട്ടിലേക്കുള്ള വാനുകളിലൊന്നിൽ ഇടം പിടിച്ചു. വയലുകളും ചെറിയ ഗ്രാമങ്ങളും താണ്ടി നദിയ്ക്കു സമാന്തരമായി കുറച്ചോടി വണ്ടി നിമാത്തി ഘട്ടിൽ നിന്നു. മണൽ പരപ്പിൽ താത്കാലിക പന്തലുകളിൽ ചെറിയ പീടികകൾ , പിന്നെ നിദിയിൽ നങ്കൂരമിട്ട നിർത്തിയിരിക്കുന്ന ബോട്ട് സ്റ്റേഷൻ അതിനപ്പുറത്തു നിളയോളം വീതിയിൽ ബ്രഹ്മപുത്രയുടെ നിറവ്. അക്കരയിൽ കുത്തനെ ഉയർന്നു നിൽക്കുന്ന മണൽത്തിട്ട മാത്രം കാണാം. മഞ്ഞുകാലത്തിന്റെ ആലസ്യത്തിൽ ശാന്തമായൊഴുകുന്ന നദി ആദ്യനോട്ടത്തിൽ അത്ഭുതപ്പെടുത്തില്ല. കലിയിളകി മറുകര കാ...