ഐസ്വാള്‍
സിൽച്ചർ റെയിൽവേ സ്റ്റേഷനുമുന്പിൽ ബസ്സിറങ്ങുമ്പോൾ നേരംപുലരാൻ മണിക്കൂറുകൾ ബാക്കിയുണ്ടായിരുന്നു, ചിന്നിപെയ്‌യുന്ന മഴയും. പുസ്തകത്തിൽനിന്നും തെറിച്ചുയരുന്ന മുഷ്ടിചുരുട്ടിയ പതിനൊന്നു കൈകൾ കത്തിപ്പടരുന്ന തീനാളംപോലെ തോന്നിക്കുന്ന വലിയൊരു ശില്പമുണ്ട് സ്റ്റേഷനു പുറത്ത്. ബരാക്ക് താഴ്‌വരയിൽ അസാമീസ് ഭാഷ നിർബന്ധമാക്കിയതിനെതിരെ നടന്ന ബംഗാളി മാതൃഭാഷാ സംരക്ഷണസമരത്തിൽ രക്തസാക്ഷികളായവരുടെ സ്മാരകസ്തൂപം. സാംസ്കാരിക വൈവിധ്യങ്ങളെയില്ലാതാക്കി സാമ്രാജ്യങ്ങൾ പടുത്തുയർത്താൻ പണ്ടുമുതലേ സ്വീകരിച്ചുവരുന്ന രീതിയാണല്ലോ അന്യഭാഷകൾ അടിച്ചേൽപ്പിക്കുന്നത്. ദേശീയ ഭാഷയെന്ന മിഥ്യാപദവി വഴി നടപ്പാക്കുന്ന സാംസ്കാരികാധിനിവേശങ്ങളുടെ കെട്ടകാലത്ത് കൂടുതൽ ജാഗരൂകരാവാൻ നമ്മെ ഓർമ്മിപ്പിക്കുന്നൂ ആ ഉയരുന്ന കൈകൾ . “ചോരതുടിക്കും ചെറുകയ്യുകളേ, പേറുക വന്നീ പന്തങ്ങൾ...” അഗർത്തലയിലേയ്‌ക്കുള്ള പാസഞ്ചെർ വണ്ടിയ്‌ക്കു ടിക്കെറ്റെടുക്കാൻ രാവിലെ കൗണ്ടെർ തുറക്കുന്നതുവരെ കാത്തിരിക്കണം. വരാന്തയിലെ കസേരകളിലിരുന്നുറങ്ങി നേരം വെളുത്തപ്പോളാണു മിസൊറാമിലേക്കുള്ള inner line permit നെപ്പറ്റി ആലോചിച്ചത്...