അവസാനത്തെ ഗ്രാമത്തിലേക്ക് …..

" ഇവിടെ വഴി അവസാനിക്കുകയാണ് , കാഴ്ച്ചയില്‍ ബസ്പ നദിയുടെ നേര്‍ത്ത ഒഴുക്കിന്റെ തീരങ്ങളില്‍ ഉറഞ്ഞു പോയ മഞ്ഞും കുറച്ചകലെയായി മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന പര്‍വ്വത ശിഖരങ്ങളും മാത്രം . വഴിയരികിലെ പരസ്യ ഫലകത്തില്‍ കാണുന്ന പോലെ ചിത്കുള്‍ ഇന്ത്യയിലെ അവസാനത്തെ ഗ്രാമമാണ് , ടിബെറ്റിലേക്ക് നീണ്ടിരുന്ന പ്രാചീന ചരക്കു പാതയിലെ അവസാനത്തെ ജനപദം . " ദില്ലിയിലെ ആദ്യനാളുകളിലൊന്നില്‍ കിന്നൌര്‍ മനസ്സിലിടം പിടിച്ചതാണ്,പോയെ തീരൂ എന്ന ഗണത്തില്‍. പല തവണ ഒരുങ്ങി , ഒരിക്കല്‍ പാതി വഴിയില്‍ വച്ച് പെരുമഴ നനഞ്ഞു തിരിക്കേണ്ടി വന്നിട്ടും കിന്നൌര്‍ മനസ്സില്‍ നിന്നും പോയതേയില്ല. “എല്ലാത്തിനും അതിന്റെതായ സമയ”മുണ്ടല്ലോ, അവധിയും ആള്‍ക്കാരും ഒത്തു വന്ന ഒരു വാരാന്ത്യത്തിലെ സന്ധ്യക്ക് ഷിംലയിലേക്ക് വണ്ടി കയറി , എവിടെ എപ്പോള്‍ എങ്ങനെ എന്നൊന്നും തീര്‍ച്ചയില്ലാത്ത ലക്‌ഷ്യം മാത്രം ഉറപ്പിച്ചു കൊണ്ടുള്ള ഒരു യാത്രയ്ക്ക് . ബ്രിട്ടീഷ് ഇന്ത്യയുടെ വേനല്‍ക്കാല തല...